Asianet News MalayalamAsianet News Malayalam

ദില്ലിയിലെ വായുമലിനീകരണം കൊലപാതകത്തിന് തുല്യം,ഒരിഞ്ച് പോലും ഇനി വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് സുപ്രീംകോടതി

എല്ലാ വര്‍ഷവും ഇങ്ങനെ സഹിച്ചിരിക്കാന്‍ പറ്റില്ലെന്നും രാഷ്ട്രീയക്കളി അവസാനിപ്പിച്ചോളൂയെന്നും സുപ്രീംകോടതി

supreme court on delhi air pollution
Author
First Published Nov 7, 2023, 1:28 PM IST

ദില്ലി:ദില്ലിയിലെ വായുമലിനീകരണം കൊലപാതകത്തിന് തുല്യമെന്ന് സുപ്രീംകോടതി.പഞ്ചാബിലെ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ പോലീസിനെ ഇറക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി ഒരിഞ്ച് പോലും ഇക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ച അനുവദിക്കില്ലെന്നും വ്യക്തമാക്കി.  കെജരിവാളിന്‍റെ മുഖത്തേറ്റ അടിയാണ് കോടതി പരാമര്‍ശങ്ങളെന്ന് ബിജെപി പ്രതികരിച്ചു. 

എല്ലാ വര്‍ഷവും ഇങ്ങനെ സഹിച്ചിരിക്കാന്‍ പറ്റില്ലെന്നും രാഷ്ട്രീയക്കളി അവസാനിപ്പിച്ചോളൂയെന്നും കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചാണ് മലിനീകരണത്തില്‍ ദില്ലി പഞ്ചാബ് സര്‍ക്കാരുകള്‍ക്കെതിരെ സുപ്രീംകോടതി ആഞ്ഞടിച്ചത്.മലനീകരണം പേടി സ്വപ്നമായി മാറുകയാണ്. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതും വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണവുമാണ് പ്രധാന കാരണങ്ങള്‍.ദില്ലിയില്‍ കുട്ടികളടക്കം നിരവധി പേരാണ് രോഗികളാകുന്നത്. പഞ്ചാബില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കരുതെന്ന് നിര്‍ദ്ദേശമുള്ളപ്പോഴും സര്‍ക്കാര്‍ കഴ്ചക്കാരാകുകയാണ്.ഹരിയാനയിലും കത്തിക്കുന്നു. ചീഫ് സെക്രട്ടറിമാരാണ് ഉത്തരവാദികള്‍. അതാതിടങ്ങളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് ഇത് തടയേണ്ടത്.  ഇനി ആവര്‍ത്തിച്ചാല്‍ ഉത്തരവാദിത്തം രണ്ട് കൂട്ടര്‍ക്കായിരിക്കുമെന്നും കോടതി പറഞ്ഞു.

ദില്ലിയും പഞ്ചാബും ഭരിക്കുന്നത് ഒരേ സര്‍ക്കാരല്ലേയെന്നും കോടതി ചോദിച്ചു. മലനിീകരണ നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് 27, 743 പിഴ ചെലാനുകള്‍ നല്‍കിയിട്ടുണ്ടെന്നും , പതിനഞ്ച് വര്‍ഷം കഴിഞ്ഞ  പതിനാലായിരത്തിലധികം വാഹനങ്ങള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും ദില്ലി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണം ഇത്തവണയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ മുന്‍പ് അത് ഫലപ്രദമായിരുന്നോയെന്നും കോടതി ചോദിച്ചു.ഹര്‍ജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും. ഇതിനിടെ ദില്ലിയിലെ വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി രേഖപ്പെടുത്തി. ഇന്നലെ 480 ആയിരുന്നു ഗുണലനിലവാര സൂചികയെങ്കില്‍ ഇന്നത് 394 ആയിട്ടുണ്ട്

Follow Us:
Download App:
  • android
  • ios