ദില്ലി: പട്ടയഭൂമിയിലെ വാണിജ്യ നിര്‍മ്മാണത്തിനുള്ള നിയന്ത്രണം സംസ്ഥാനത്ത് മുഴുവൻ നടപ്പാക്കണമെന്ന ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതി. ഇടുക്കിയിൽ മാത്രം നിയന്ത്രണം മതിയെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. ഒരു ജില്ലക്ക് മാത്രമായി നിയന്ത്രണം കൊണ്ടുവരാനാകില്ലെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി.

ഇടുക്കിയിലെ പട്ടയഭൂമിയിൽ വാണിജ്യ നിര്‍മ്മാണങ്ങൾ നിയന്ത്രിച്ചുകൊണ്ട് 2016 ൽ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിനെതിരെ ഇടുക്കി സ്വദേശിയായ ലാലി ജോര്‍ജ് നൽകിയ ഹര്‍ജിയിൽ പട്ടയഭൂമിയിൽ വാണിജ്യ നിര്‍മ്മാണത്തിന് നിയന്ത്രണം കൊണ്ടുവരികയാണെങ്കിൽ അത് ഇടുക്കിയിൽ മാത്രമാക്കരുത് മറിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പാക്കണമെന്ന് ഹൈക്കോടതി വിധിച്ചു. അതിലൂടെ അനധികൃത നിര്‍മ്മാണങ്ങൾ ഉണ്ടെങ്കിൽ തടയണമെന്നും ഹൈക്കോടതി പറഞ്ഞു. അതിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയിൽ എത്തിയത്. സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയ സുപ്രീംകോടതി ഇടുക്കിയിൽ മാത്രമായി ഒരു നിയമം നടപ്പാക്കാൻ സാധിക്കില്ലെന്ന ഹൈക്കോടതി വിധി ശരിവെച്ചു.

മൂന്നാര്‍ അടക്കമുള്ള ഇടുക്കി മേഖലയിൽ അനധികൃത നിര്‍മ്മാണങ്ങൾ വര്‍ദ്ധിച്ചതോടെയാണ് ഇവിടെ പട്ടയഭൂമിയിൽ വാണിജ്യ നിര്‍മ്മാണങ്ങൾ നിയന്ത്രിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. പട്ടയഭൂമി കൃഷിക്കും വീടുവെക്കാനും മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു ഉത്തരവ്. ഇടുക്കിക്ക് മാത്രമായി ഇറക്കിയ ഈ ഉത്തരവ് സംസ്ഥാനം മുഴുവൻ നടപ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സുപ്രീംകോടതിയും ശരിവെച്ചത് സര്‍ക്കാരിന് തിരിച്ചടിയായി. ഇടുക്കിയിലെ പ്രത്യേക സാഹചര്യം പരിഗണിക്കണമെന്ന സര്‍ക്കാര്‍ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല.