പ്രവാസിയെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ 14 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഹൈക്കോടതി. പ്രവാസിയായ തലശ്ശേരി കതിരൂർ സ്വദേശി താജുദ്ദീനാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കണ്ണൂർ: പ്രവാസിയെ പൊലീസ് കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ 14 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ചെയ്യാത്ത കുറ്റത്തിന് 54 ദിവസം ജയിലിൽ കിടന്ന തലശ്ശേരി കതിരൂർ സ്വദേശി താജുദ്ദീന്റെ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. കണ്ണൂർ ചക്കരക്കൽ പൊലീസിനെതിരെ താജുദ്ദീൻ നൽകിയ പരാതിൽ പിന്നീട് മറ്റൊരു പ്രതിയാണ് മാലമോഷ്ടിച്ചതെന്ന് തെളിഞ്ഞിരുന്നു. നിരപരാധിയെന്ന് തെളിയിക്കാൻ താജുദ്ദീൻ നടത്തിയ പോരാട്ടം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
നേരിട്ട ദുരിതത്തിനും അപമാനത്തിനും പകരമല്ലെങ്കിലും ഒടുവിൽ താജുദ്ദീന് നീതിയുടെ നഷ്ടപരിഹാരം ലഭിക്കും. താജുദ്ദീന് പത്ത് ലക്ഷവും ഭാര്യയ്ക്കും മൂന്ന് മകൾക്കുമായി 4 ലക്ഷവും ആണ് നഷ്ടപരിഹാരം. 2018 ജൂലൈയിൽ ഖത്തറിൽ നിന്ന് മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയതാണ് താജുദ്ദീൻ. പൊലീസിന്റെ ഒരു സംശയം കുടുങ്ങിയതോടെ താജുദ്ദീൻ്റെ ജീവിതമാണ് മാറി മറിഞ്ഞത്. ചക്കരക്കൽ സ്വദേശിയുടെ അഞ്ചര പവൻ സ്വർണ്ണമാല മോഷണം പോയി. സിസിടിവി കണ്ട ചക്കരക്കൽ പൊലീസ് അത് താജുദ്ദീനാണെന്ന് ഉറപ്പിക്കുകയായിരുന്നു. കൃത്യം നടന്ന സമയം താൻ 11കിലോമീറ്റർ ദൂരത്തിലാണെന്ന ടവർ ലൊക്കേഷൻ പരിശോധിക്കണമെന്നും നിരപരാധിയെന്നും ആവർത്തിച്ച് പറഞ്ഞെങ്കിലും ചക്കരക്കൽ എസ് ഐ പി ബിജുവും സംഘവും ചെവികൊണ്ടില്ല. 54 ദിവസമാണ് ചെയ്യാത്ത കുറ്റത്തിന് പ്രവാസിയായ താജുദ്ദീന്‍ ജയിലിൽ കിടന്നത്.
ഒടുവിൽ സംശയം ഉയർന്നതോടെ ഡിവൈഎസ്പി കേസ് വീണ്ടും അന്വേഷിച്ചു. പ്രതി താജുദ്ദീനല്ലെന്നും കോഴിക്കോട്ടെ സ്ഥിരം കുറ്റവാളിയായ വത്സലരാജെന്നും കണ്ടെത്തി. കുറ്റവിമുക്തനായെങ്കിലും വിദേശത്തെ ജോലിയിൽ പ്രവേശിക്കാൻ വൈകിയെന്ന കാരണത്തിൽ അവിടെയും 23 ദിവസത്തെ ജയിൽവാസം. ഒടുവിൽ ജോലി പോയി സകലതും നഷ്ടമായി നാട്ടിലേക്ക്. താനും കുടുംബവും അനുഭവിച്ച അപമാനത്തിന് നഷ്ടപരിഹാരം തേടി ഒടുവിൽ താജുദ്ദീൻ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി. ചക്കരക്കൽ പൊലീസിൽ നിന്ന് നേരിട്ട ശകാരവും അസഭ്യവും അത് മറക്കാൻ പറ്റാതിരുന്ന താജുദ്ദീന്റെ ഭാര്യയും 19, 20, ഏഴ് വയസ്സുള്ള മക്കളും ഹർജിയിൽ പങ്ക് ചേർന്നു. മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി അസഫലി താജുദ്ദീനായി ഹാജരായി. ഹർജി പരിഗണിച്ച കോടതി ഒടുവിൽ 14ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. കൂടുതൽ നഷ്ടപരിഹാരത്തിന് സിവിൽ കോടതിയെ സമീപിക്കാമെന്നും ഉത്തരവിട്ടു. എന്നാൽ, താജുദ്ദീനെ കള്ളക്കേസിൽ കുടുക്കിയ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി മാത്രമാണ് പേരിനു മാത്രം ഉണ്ടായത്.

