Asianet News MalayalamAsianet News Malayalam

കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദര്‍ശനം: രഹ്ന ഫാത്തിമയുടെ മുൻകൂ‍ർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി

രഹന ഫാത്തിമയ്ക്കെതിരെ പോക്‌സോ നിയമ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്തായിരുന്നു നേരത്തെ ഹൈക്കോടതി മുൻ‌കൂർ ജാമ്യം നിരസിച്ചത്.

supreme court reject rahna fathimas anticipatory bail
Author
Delhi, First Published Aug 7, 2020, 12:30 PM IST

ദില്ലി: നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ മുൻകൂ‍ർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി. ഇങ്ങനെയൊരു കേസുമായി എന്തിന് വന്നെന്ന് രഹ്ന ഫാത്തിമയുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു. ലൈംഗികതയെ കുറിച്ച് ഇടുങ്ങിയ കാഴ്ചപ്പാടുള്ളവർക്കിടയിൽ പ്രചരണം നടത്താണ് ശ്രമിച്ചതെന്ന് രഹ്ന ഫാത്തിമയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അമ്പരിപ്പിക്കുന്ന കേസെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് അരുൺ മിശ്ര എന്ത് സംസ്കാരമാണ് ഇതെന്നും ചോദിച്ചു. തുടര്‍ന്ന് കേസിൽ ഇടപെടാൻ താല്പര്യമില്ലെന്നും അരുൺ മിശ്ര അറിയിച്ചു.  

നേരത്തെ ഹൈക്കോടതിയും രഹ്നയുടെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. രഹന ഫാത്തിമയ്ക്കെതിരെ പോക്‌സോ നിയമ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്തായിരുന്നു നേരത്തെ ഹൈക്കോടതി മുൻ‌കൂർ ജാമ്യം നിരസിച്ചത്. തുടർന്നാണ് രഹ്ന സുപ്രീം കോടതിയെ സമീപിച്ചത്. 

നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു എന്നാണ് രഹനക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. പോക്‌സോ വകുപ്പും ചുമത്തിയിരുന്നു. തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന്‍ പൊലീസില്‍ പരാതി നല്‍കിയത്. 

Follow Us:
Download App:
  • android
  • ios