Asianet News MalayalamAsianet News Malayalam

കെടിയു വിസി നിയമനം റദ്ദാക്കല്‍, ഡോ. രാജശ്രീ നല്‍കിയ പുനപരിശോധന ഹർജി സുപ്രിംകോടതി തള്ളി

 സ്ഥിരം വിസിയെ കണ്ടത്താനുള്ള  സർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ നോമിനിയെ ഉൾപ്പെടുത്തണമെന്ന  സിംഗിൾ ബഞ്ച് ഉത്തരവ്  ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. 

Supreme court rejected the review petition against the cancellation of appointment of KTU VC
Author
First Published Dec 13, 2022, 6:34 PM IST

ദില്ലി: കെടിയു വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ മുന്‍ വൈസ്‍ചാന്‍സലര്‍ ഡോ. രാജശ്രീ എം എസ് നല്‍കിയ പുനപരിശോധനാ ഹര്‍ജി സുപ്രിംകോടതി തള്ളി. ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ചേംബറിനുള്ളിൽ പുനപരിശോധന ഹർജി പരിഗണിച്ചത്. വിധിയില്‍ ലഭിച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചടയ്ക്കണമെന്ന് പരാമർശിച്ചിട്ടില്ലെന്നും എന്നാൽ വൈസ്‍ചാന്‍സലര്‍ ആയിരുന്ന കാലയളവിലുള്ള പെന്‍ഷന് രാജശ്രീക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്നും സുപ്രിംകോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. വിധിക്ക് മുന്‍കാല പ്രാബല്യം നല്‍കരുതെന്ന പുനപരിശോധന ഹര്‍ജിയിലെ ആവശ്യം സുപ്രിംകോടതി തള്ളി. അതേസമയം നിയമപരമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനം സമർപ്പിച്ച ഹർജി സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് എത്തിയിട്ടില്ല.

അതേസമയം സാങ്കേതിക സർവ്വകലാശാല വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ചട്ടപ്രകാരം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ഥിരം വിസിയെ കണ്ടത്താനുള്ള സർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ നോമിനിയെ ഉൾപ്പെടുത്തണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. സിസ തോമസിനെ താൽക്കാലിക വിസിയായി നിയമച്ച ഗവർണറുടെ നടപടിക്കെതിരായ സർക്കാരിന്‍റെ ഹർ‍ജി തള്ളിയാണ് ചാൻസലറുടെ നോമിനിയെ ഉൾപ്പെടുത്തി സ്ഥിരം വിസിയെ കണ്ടെത്താനുള്ള സെലക്ഷൻ കമ്മിറ്റി രൂപീകരിക്കണമെന്ന് സിംഗിൾ ബഞ്ച് ഉത്തരവിട്ടത്. എന്നാൽ  യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ് സിംഗിൽ ബഞ്ച് ഉത്തരവെന്ന് വിലയിരുത്തിയ ഡിവിഷൻ ബഞ്ച് ഉത്തരവിലെ 144, 145 ഖണ്ഡിക സ്റ്റേ ചെയ്തു. 

കെടിയു നിയമത്തിലോ, യുജിസി ചട്ടത്തിലോ സർച്ച് കമ്മിറ്റിയിൽ ഗവർണറുടെ നോമിനി വേണമെന്ന് പറയുന്നില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. എന്നാൽ സിസ തോമസിന് താൽക്കാലിക വിസിയായി തുടരാൻ അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി സർക്കാർ അപ്പീൽ ഫയലിൽ സ്വീകരിച്ച് വിശദമായ വാദം കേൾകാമെന്ന് വ്യക്തമാക്കി. സംസ്ഥാനത്തെ 12 സർവ്വകലാശാല ചട്ടത്തിലും സർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ നോമിനി വേണമെന്ന വ്യവസ്ഥയുണ്ട്. എന്നാൽ കെടിയു,  സംസ്കൃത സർവ്വകലാശാല ചട്ടത്തിൽ ചാൻസലറുടെ നോമിനി വേണമെന്ന് പറയുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമപരമായി നിലനിൽപ്പില്ലാത്ത  സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബ‌ഞ്ച് സ്റ്റേ ചെയ്തത്. 

കെടിയു നിയമം അനുസരിച്ച് സർച്ച് കമ്മിറ്റിയിൽ AICTE യുടെ പ്രതിനിധി, സിണ്ടികേറ്റ് പ്രതിനിധി, ചീഫ് സെക്രട്ടറി എന്നിവരാണ്  വേണ്ടത്. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറിയ്ക്ക് സർച്ച് കമ്മിറ്റിയിൽ തുടരാൻ കഴിയില്ല. ഈ സാഹചര്യത്തിൽ കെടിയു നിയമത്തിൽ ഭേതഗതി കൊണ്ടുവന്നോ, യുജിസി മാർഗരേഖ അംഗീകരിച്ചോ ആകും പുതിയ സർച്ച് കമ്മിറ്റിയെ നിയമിക്കാനാകുക.  

Follow Us:
Download App:
  • android
  • ios