ദില്ലി: മരടിലെ ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട തിരുത്തല്‍ ഹര്‍ജി ഈ മാസം 23 വരെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ഹർജി ലിസ്റ്റ് ചെയ്യാനുള്ള നടപടികൾ പൂർത്തിയായില്ല എന്നാണ്  സുപ്രീംകോടതി രജിസ്ട്രി അറിയിച്ചിരിക്കുന്നത്. കായലോരം റസിഡന്‍റ്സ് അസോസിയേഷനാണ് തിരുത്തൽ ഹർജി നൽകിയിരിക്കുന്നത്.

അതേസമയം, താമസക്കാരെ ഒഴിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് ഫ്ലാറ്റ് ഉടമകളിലൊരാള്‍ ഹൈക്കോടതിയെ സമീപിച്ചു. നഗരസഭ നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കാൻ സുപ്രീംകോടതി അനുവദിച്ച സമയപരിധി നാളെയാണ് അവസാനിക്കുന്നത്.  ഈ മാസം ഇരുപതിനകം മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കി റിപ്പോർട്ട് നൽകാനാണ് സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. സുപ്രീംകോടതി ആവശ്യപ്പെട്ട ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഏത് വിധത്തിൽ വേണമെന്ന കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടില്ല.സുപ്രീംകോടതി വിധി വന്നതിന് ശേഷം സർക്കാർ സ്വീകരിച്ച നടപടികളെപ്പറ്റിയുള്ള തൽസ്ഥിതി റിപ്പോർട്ടാണോ അതോ ഫ്ലാറ്റുകൾ എന്ന് പൊളിക്കാനാകുമെന്നാണോ റിപ്പോർട്ട് നൽകേണ്ടത് എന്നതിൽ തീരുമാനം ആയിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിൽ വിദേശത്തായിരുന്ന ചീഫ് സെക്രട്ടറി ഇന്ന് തിരിച്ചെത്തുന്നതോടെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നാണ് സൂചന. സുപ്രീംകോടതി ഉത്തരവിൽ പരിസ്ഥിതി മന്ത്രാലയത്തിന് ഇടപെടാനുള്ള പരിമിതി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കിയതും സംസ്ഥാന സർക്കാരിന് പുതിയ തലവേദനയായി. ഇക്കാര്യത്തിൽ അറ്റോർണി ജനറലുമായുള്ള കൂടിയാലോചനകൾ തുടരുകയാണ്. ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി മരട് നഗരസഭ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തുടർനടപടി സർക്കാർ നിർദ്ദേശം ലഭിച്ചതിനു ശേഷം മാത്രം മതിയെന്നാണ് നഗരസഭയുടെ തീരുമാനം.