ജസ്റ്റിസ് ജോയ്മാല ബാ​ഗ്ചി, ജസ്റ്റീസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് വാദം കേൾക്കും. എല്ലാ ഹർജികളും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ദില്ലി: മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ വാദം ബുധനാഴ്ച്ച. ഹർജികൾ പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അധ്യക്ഷനായ പ്രത്യേക ബെഞ്ചാകും ഹർജി പരിഗണിക്കുക. ഹർജിയിൽ സുപ്രീംകോടതി എടുക്കുന്ന തീരുമാനം പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് നിർണ്ണായകമാകും.

വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതിയിൽ എത്തിയത്. ആരോപണവിധേയരെ കേൾക്കാതെയുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്ന് കാട്ടി അപ്പീൽ നല്കിയെങ്കിലും ഇതിൽ ഇടപെടാൻ ഡിവിഷൻ ബഞ്ച് തയ്യാറായില്ല.ഇതേ തുടർന്നാണ് അപ്പീലുമായി സുപ്രീംകോടതിയിൽ എത്തിയത്.

82 വയസുള്ള ഉന്നത രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്നും കേസ് വെള്ളിയാഴ്ച്ച തന്നെ പരിഗണിക്കണമെന്ന് പിണറായിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ച് കേസിൽ വാദം കേൾക്കുന്നത് പരിശോധിക്കാം എന്ന് ചീഫ് ജസ്റ്റിസും വ്യക്തമാക്കി. തുടർന്നാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഇന്ന് ലിസ്റ്റ് പുറത്തിറക്കിയത്. ആന്ധ്രയിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൈഎസ്ആര്‍ കോൺഗ്രസ് നൽകിയ ഹർജിയും സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും.

പിണറായി വിജയൻ ഉൾപ്പെടെ എല്ലാ കക്ഷികളും നൽകിയ ഹർജിയും സുപ്രീംകോടതി ലിസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ മാസപ്പടി കേസിൽ അന്വേഷണം അതിവേഗമാക്കി ഇ ഡി. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ വസതിയിലെത്തി സമൻസ് ചുവരിൽ പതിപ്പിച്ചു. വരുന്ന വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നായിരുന്നു സമൻസിലെ നിർദേശം.

ഈ സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം ഉൾപ്പെടെ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി എന്ത് തീരുമാനം എടുക്കുമെന്നത് പ്രധാനപ്പെട്ടതാണ്. പിണറായിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണവുമായി ഇഡി മുന്നോട്ട് പോകുമ്പോൾ കേന്ദ്രസർക്കാരിന്റെ അഭിഭാഷകർ ഉൾപ്പെടെ കോടതിയിൽ നേരിട്ട് ഹാജരായേക്കും.

YouTube video player