അധ്യാപക യോഗ്യതാ പരീക്ഷയുമായി (ടെറ്റ്) ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത ഈ തീരുമാനം ലക്ഷക്കണക്കിന് അധ്യാപകർക്ക് ആശ്വാസം നൽകുന്നു. മേയ് 13-ന് വാദം കേൾക്കൽ നടക്കും
ദില്ലി: അധ്യാപക യോഗ്യതാ പരീക്ഷയുമായി (ടെറ്റ്/കെ-ടെറ്റ്) ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ (C.A. No. 1385/2025) സമർപ്പിക്കപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ അധ്യാപകർക്ക് ആശ്വാസകരമായ നിർണ്ണായക ഉത്തരവ്. ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന (Open Court Hearing) അപേക്ഷ സുപ്രീം കോടതി അനുവദിച്ചു. ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് 2026 ഏപ്രിൽ 28 ന് ചേംബറിൽ ഹർജികൾ പരിഗണിച്ച ശേഷമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസിന്റെ അനുമതിക്ക് വിധേയമായി മേയ് 13 ന് ഉച്ചയ്ക്ക് 2 മണിക്ക് പുനഃപരിശോധനാ ഹർജികളിൽ തുറന്ന കോടതിയിൽ വാദം കേൾക്കും.
വിഷയത്തിന്‍റെ പ്രാധാന്യം പരിഗണിച്ചുള്ള തീരുമാനം
ദേശീയ അധ്യാപക പരിഷത്ത് (NTU കേരളം) ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരുന്നു. സാധാരണഗതിയിൽ പുനഃപരിശോധനാ ഹർജികൾ ജഡ്ജിമാരുടെ ചേംബറിൽ സർക്കുലേഷൻ വഴി മാത്രമാണ് പരിഗണിക്കാറുള്ളത്. എന്നാൽ വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ച് തുറന്ന കോടതിയിൽ വാദം കേൾക്കാനുള്ള അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. രാജ്യത്തെ 25 ലക്ഷത്തോളം അധ്യാപകരുടെ ജോലിയെ ബാധിക്കുന്നതും കേരളത്തിലെ 75,000 ത്തിലധികം അധ്യാപകരുടെ സേവനത്തെ ബാധിക്കുന്നതുമായ വിധിയിൽ ഇതോടെ നേരിട്ട് വാദം ഉന്നയിക്കാൻ അവസരം ലഭിക്കും.
