Asianet News MalayalamAsianet News Malayalam

കാതോര്‍ത്ത് കേരളം; ശബരിമല പുനഃപരിശോധന ഹര്‍ജികളിൽ വിധി ഇന്ന്

ആചാരങ്ങൾക്കുള്ള ഭരണഘടനാ അവകാശം സ്ത്രീക്കും പുരുഷനും ഒരുപോലെ എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ശബരിമല യുവതി പ്രവേശന കേസിൽ 2018 സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ വിധി വന്നത്. ശാരീരികാവസ്ഥയുടെ പേരിലുള്ള വിവേചനം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി

supreme court verdict in sabarimala review petitions today
Author
Delhi, First Published Nov 14, 2019, 6:15 AM IST

ദില്ലി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള ഉത്തരവിന് ശേഷം സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ പത്തര മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അ‍ഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുക. 2018 സെപ്റ്റംബര്‍ 28നായിരുന്നു ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധി.

ഇതോടൊപ്പം ക്ഷേത്രം തന്ത്രി ഉൾപ്പടെയുള്ളവര്‍ക്കെതിരെ നൽകിയ കോടതിയലക്ഷ്യ ഹര്‍ജികളിലും ഇന്ന് ഭരണഘടന ബെഞ്ച് വിധി പറയും. ആചാരങ്ങൾക്കുള്ള ഭരണഘടനാ അവകാശം സ്ത്രീക്കും പുരുഷനും ഒരുപോലെ എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ശബരിമല യുവതി പ്രവേശന കേസിൽ 2018 സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ വിധി വന്നത്.

ശാരീരികാവസ്ഥയുടെ പേരിലുള്ള വിവേചനം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസായിരുന്ന ദീപക്മിശ്ര അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചിന്‍റേതായിരുന്നു ആ വിധി. വിധിക്കെതിരെ 56 പുനഃപരിശോധന ഹര്‍ജികളാണ് എത്തിയത്. ഫെബ്രുവരി ആറിന് ഹര്‍ജികളിൽ മൂന്നര മണിക്കൂര്‍ വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെച്ചു.

ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം ചീഫ് ജസ്റ്റിസായി എത്തിയ രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് ഹര്‍ജികളിൽ വാദം കേട്ടത്. വിശ്വാസത്തിന്‍റെ മൗലിക അവകാശം സംരക്ഷിക്കണം എന്നതായിരുന്നു ഏതാണ്ട് എല്ലാ പുനഃപരിശോധന ഹര്‍ജികളിലെയും ആവശ്യം. പൊതുസ്ഥലത്തെ തുല്യത അവകാശം ആരാധനാലയങ്ങൾക്ക് ബാധകമല്ലെന്നും പ്രതിഷ്ഠയുടെ സ്വഭാവം കൂടി കണക്കിലെടുത്താകണം ഭരണഘടനാ അവകാശങ്ങൾ ഉന്നയിക്കേണ്ടതെന്നും വാദങ്ങൾ ഉയര്‍ന്നു.

കേസിൽ പുതുതായി എന്തെങ്കിലും തെളിവുകളോ രേഖകളോ നിരത്താൻ പുനഃപരിശോധന ഹര്‍ജി നൽകിയ ആര്‍ക്കും കഴിഞ്ഞില്ല. ശബരിമല വിധിയിൽ ഉറച്ചുനിൽക്കുന്നു എന്ന് അടുത്തകാലത്ത് ഒരു പൊതുചടങ്ങിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. എന്നാൽ ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതി എന്ന് കരുതുന്ന അയോധ്യ കേസിലെ വിധി വിശ്വാസവും ആചാരങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതാണ്. ഒഡീഷയിലെ നരബലിക്കെതിരെയുള്ള കേസിൽ വിശ്വാസത്തിന് അനുകൂലമായിരുന്നു ജസ്റ്റിസ് റോഹിന്‍റൻ നരിമാന്‍റെ നിലപാട്.

വിശ്വാസം ഉയര്‍ത്തിപിടിക്കുമ്പോൾ തന്നെ ആരോടും വിവേചനം പാടില്ലെന്ന നിലപാടിൽ ഭൂരിപക്ഷ ജഡ്ജിമാര്‍ ഉറച്ചുനിന്നാൽ പുനഃപരിശോധന ഹര്‍ജികൾ തള്ളിപ്പോകും. പുനഃപരിശോധൻ ഹര്‍ജികൾ അംഗീകരിച്ച് സെപ്റ്റംബര്‍ 28ലെ വിധി റദ്ദാക്കലാണ് രണ്ടാമത്തെ സാധ്യത. വിശദമായ പരിശോധനക്കായി കേസ് വിശാലമായ ഭരണഘടന ബെഞ്ചിലേക്ക് വിടുകയാകും മൂന്നാമത്തെ സാധ്യത. ഭരണഘടന ബെഞ്ചിന് നേതൃത്വം നൽകുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നിലപാട് വിധിയിൽ ഏറെ നിര്‍ണായകമാകും. 

Follow Us:
Download App:
  • android
  • ios