ബിജെപി വിട്ട് കോണ്‍ഗ്രസിൽ എത്തിയ സന്ദീപ് വാര്യർ മത്സരിച്ചാൽ വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിന് സന്ദീപ് വാര്യരല്ല രാഹുൽ ഗാന്ധി മത്സരിച്ചാലും കെട്ടിവച്ച കാശ് കിട്ടില്ലെന്ന് ശിവരാജൻ

പാലക്കാട്: പാലക്കാട് ബിജെപി സ്ഥാനാർത്ഥി ആരായിരിക്കും എന്നത് സംബന്ധിച്ച് പല അഭ്യൂഹങ്ങളുമുണ്ട്. കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ തുടങ്ങി സർപ്രൈസ് സ്ഥാനാർത്ഥിയായി ഉണ്ണി മുകുന്ദനെ മത്സരിപ്പിച്ചേക്കും എന്നു വരെ റിപ്പോർട്ടുണ്ട്. പാലക്കാട് ഏത് ബിജെപി സ്ഥാനാർത്ഥി മത്സരിച്ചാലും വിജയിക്കുമെന്നാണ് മുതിർന്ന ബിജെപി നേതാവ് എൻ ശിവരാജൻ അവകാശപ്പെടുന്നത്.

ബിജെപി വിട്ട് കോണ്‍ഗ്രസിൽ എത്തിയ സന്ദീപ് വാര്യർ മത്സരിച്ചാൽ വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിന് സന്ദീപ് വാര്യരല്ല രാഹുൽ ഗാന്ധി മത്സരിച്ചാലും കെട്ടിവച്ച കാശ് കിട്ടില്ലെന്ന് ശിവരാജൻ അവകാശപ്പെട്ടു. പാലക്കാട് കാവി മണ്ണാണ്. ആര് വന്നാലും ഒരു തരി മണ്ണ് കോണ്‍ഗ്രസിന് കിട്ടില്ലെന്ന് ശിവരാജൻ പറഞ്ഞു.

"കേരളത്തിൽ കോണ്‍ഗ്രസിന്‍റെ നാശം തുടങ്ങി. രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാവുമെല്ലാം നശിപ്പിച്ചോളും. ഞങ്ങളൊന്നും ചെയ്യേണ്ട കാര്യമില്ല. സിപിഎമ്മിന് പാലക്കാട് ഒരു സ്വാധീനവുമില്ല"- എന്നെല്ലമാണ് ശിവരാജന്‍റെ അഭിപ്രായം.

പാലക്കാട് ബിജെപിയുടെ പരിഗണനയിൽ ഉണ്ണി മുകുന്ദനും

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഒരു ഏജൻസിയെ, ഓരോ മണ്ഡലത്തിന്‍റെ സ്വഭാവം, വിജയ സാധ്യത ആർക്കൊക്കെ എന്നൊക്കെ പഠിക്കാനായി നിയോഗിച്ചിരുന്നു. ഈ ഏജൻസിയുടെ റിപ്പോര്‍ട്ട് പ്രകാരം പാലക്കാട് ഏറ്റവും കൂടുതൽ വിജയ സാധ്യതയുള്ളത് ഉണ്ണി മുകുന്ദനാണ് എന്നാണ് വ്യക്തമാക്കുന്നത്. കൂടാതെ മറ്റ് പ്രമുഖരുടെ പേര് കൂടി റിപ്പോര്‍ട്ടിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബിജെപി ഉണ്ണി മുകുന്ദനോട് ഇക്കാര്യത്തിൽ ഔദ്യോഗികമായി സംസാരിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല എന്നാണ് വിവരം.

അതേസമയം ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പേരും സജീവ പരിഗണനിയിലുണ്ട്. അദ്ദേഹം മത്സരിച്ചാൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന വിലയിരുത്തൽ ബിജെപിയിലുണ്ട്. ശോഭ സുരേന്ദ്രന് പാലക്കാട്ടേയ്ക്ക് വരാൻ താത്പര്യമില്ല എന്നാണ് സൂചന.

അതേസമയം, നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരിൽ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഒരു മണ്ഡലത്തിലും മത്സരിക്കാൻ താൽപര്യം അറിയിച്ചിട്ടില്ല. നിരവധി തെരഞ്ഞെടുപ്പിൽ മത്സരിച്ച് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായിട്ടുണ്ട്. പാ‍ർട്ടി നിർദേശിച്ച സീറ്റുകളിലാണ് മത്സരിച്ചത്. അതിനാൽ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിൽ നിന്ന് തൽപര കക്ഷികള്‍ പിൻമാറണമെന്ന് ഫേസ് ബുക്കിലെ കുറിപ്പിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

YouTube video player