Asianet News MalayalamAsianet News Malayalam

'ജീവിതത്തിൽ രാജ്യസമർപ്പണമെന്ന നിലയിൽ കാണുന്നത് ആ നിമിഷം', ധീര സൈനികരെ അനുസ്മരിച്ച് സുരേഷ് ഗോപി

'നമുക്കെതിരെ വന്ന ഒന്നിനും നമ്മൾ മറുപടി നൽകാതിരുന്നിട്ടില്ല. സമാധാനത്തിന് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. പക്ഷേ നടുവളച്ച് സമാധാനത്തിന് വേണ്ടി യാചിക്കില്ല'.

suresh gopi mp on kargil vijay diwas
Author
Thiruvananthapuram, First Published Jul 26, 2020, 9:39 AM IST

പാകിസ്ഥാൻ നടത്തിയ നുഴഞ്ഞുകയറ്റത്തെ ചെറുക്കാനായി കാർഗിലിൽ ഇന്ത്യ നടത്തിയ പോരാട്ടം വിജയകരമായ പരിസമാപ്തിയിലെത്തിയിട്ട് ഇന്ന് 21 വ‌ർഷം പൂർത്തിയാകുകയാണ്. 1971ലെ ഇന്തോ-പാക് യുദ്ധത്തിന് ശേഷം ദീർഘ വർഷങ്ങളായി യുദ്ധസമാന സാഹചര്യങ്ങൾ രാജ്യ അതിർത്തിയിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ നമ്മുടെ യുദ്ധ തയ്യാറെടുപ്പിലും വെല്ലുവിളി ഉയർത്തുന്നതായിരുന്നു കാർഗിൽ പോരാട്ടം. ഒടുവിൽ നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യ മഹാവിജയം നേടി. കാർഗിൽ യുദ്ധത്തിന്റെയും ധീര സൈനികരുടേയും ഓർമ്മകൾ പങ്കുവെച്ച് രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിൽ. 

സുരേഷ് ഗോപി എംപിയുടെ വാക്കുകളിലേക്ക് 

1999 ൽ കാർഗിൽ യുദ്ധ സമയത്ത് മലയാള ചിത്രം വാഴുന്നോരുടെ ചിത്രീകരണം നടക്കുകയായിരുന്നു. സംവിധായകൻ ജോഷിയോട് അനുവാദം വാങ്ങിയാണ് വീരമൃത്യു വരിച്ച തൃപ്പൂണിത്തറയിലെ ലെഫ്. കേണൽ വിശ്വനാഥന്റെ വീട്ടിലെത്തിയത്. അദ്ദേഹത്തെ ഒരു നോക്ക് അവസാനമായി കാണാനാണ് പ്രയാസങ്ങളെയെല്ലാം അതിജീവിച്ച് അവിടെയെത്തിയത്. അന്ന് കുടുംബക്കാർ മാത്രം പങ്കെടുത്ത അവസാന നിമിഷത്തിലെ ആ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞു. ജീവിതത്തിൽ രാജ്യസമർപ്പണമെന്ന നിലയിൽ താൻ കാണുന്നത് ആ നിമിഷമാണെന്ന് സുരേഷ് ഗോപി അനുസ്മരിച്ചു. കാർഗിലിൽ ജീവത്യാഗം ചെയ്ത ജെറി, അതിന് ശേഷം കേണൽ നിരഞ്ജൻ, സിയാച്ചിനിൽ മഞ്ഞിടിച്ചിലിൽ മരിച്ചു പോയ സുധീഷ് ഇവരുടെയെല്ലാം കുടുംബത്തിനൊപ്പം ചേർന്നു നിൽക്കാൻ സാധിച്ചു. ഈ ദിവസം ഇന്ത്യൻ ജനതയുടെ വിജയത്തിൽ സന്തോഷക്കണ്ണീരോടെ ചേരുന്നതായും അദ്ദേഹം എഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിൽ പറഞ്ഞു.

ഒരു കാലത്തും ഇന്ത്യ ഒരു രാജ്യത്തേക്കും നുഴഞ്ഞു കയറിയിട്ടില്ല. ലംഘിച്ചിട്ടില്ല. പക്ഷേ നമുക്കെതിരെ വന്ന ഒന്നിനും നമ്മൾ മറുപടി നൽകാതിരുന്നിട്ടില്ല. സമാധാനത്തിന് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്. പക്ഷേ നടുവളച്ച് സമാധാനത്തിന് വേണ്ടി യാചിക്കില്ല. രാജ്യത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്തുള്ള നുഴഞ്ഞുകയറ്റശ്രമത്തെ, അധിനിവേശ ശ്രമത്തെ വളരെ മര്യാദയോടെയാണ് നമ്മൾ തടഞ്ഞത്. ഇന്ത്യൻ സൈന്യത്തിന്റെ ആ മര്യാദ ലോകം വാഴ്ത്തുന്നതാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios