പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വിജയ് തന്നെ വിളിച്ചെന്ന് തൃശൂർ എംപി സുരേഷ് ഗോപി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വിജയ് തന്നെ വിളിച്ചെന്ന് തൃശൂർ എംപി സുരേഷ് ഗോപി. കേരളത്തിന്‍റെയു തമിഴ്‌നാടിന്‍റെയും വികസനത്തിന് ഒന്നിച്ച് പ്രവർത്തിക്കും എന്നും സുരേഷ് ഗോപി പറ‌ഞ്ഞു. ‘സൗഹൃദം പങ്കുവെക്കലിനപ്പുറം, രാജ്യത്തിന്റെയും നമ്മുടെ ജനങ്ങളുടെയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്നതിനെക്കുറിച്ചാണ് ഞങ്ങൾ പ്രധാനമായും സംസാരിച്ചത്. കേരളം - തമിഴ്നാട് സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനും ഭാരതത്തിന്റെ പുരോഗതിക്കുമായി ഒരേ മനസ്സോടെ, കൈകോർത്ത് മുന്നോട്ട് പോകുമെന്ന് ഞങ്ങൾ ഉറപ്പുനൽകി. പ്രിയ സഹോദരൻ, തമിഴ്നാട് മുഖ്യമന്ത്രി ശ്രീ വിജയ്‌ക്കും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള എല്ലാ ജനസേവന യാത്രകൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ’ എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 ഇന്നലെയായിരുന്നു വിജയ്-മോദി കൂടിക്കാഴ്ച. സോണിയ ഗാന്ധി, രാഹുൽ, ഖർഗെ എന്നിവരെയും വിജയ് കാണും എന്നാണ് അനൗദ്യോഗികമായി അറിയിച്ചിരുന്നത്. എന്നാല്‍ ആരെയും കാണാതെ ചെന്നൈക്ക് മടങ്ങുകയായിരുന്നു. സോണിയയുടെ വസതിക്ക് മുന്നിൽ വിജയിയും രാഹുലും കൈകോർത്ത് നിൽക്കുന്ന നിരവധി ഫ്ലക്സുകൾ അടക്കം പ്രവർത്തകർ ഉയർത്തിയിരുന്നു. കേരളത്തിലെ സത്യപ്രതിജ്ഞയും വിജയ് ഒഴിവാക്കിയിരുന്നു.

ദില്ലിയിലെ സേവാ തീർഥിലെ പ്രധാനമന്ത്രിയുടെ ഓഫീസിലാണ് ഇന്നലെ കൂടിക്കാഴ്ച നടന്നത്. 20 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ വിജയ് തമിഴ്നാടിന്‍റെ വിവിധ ആശങ്കകൾ പ്രധാനമന്ത്രിയോട് പങ്കുവെച്ചു. വന്ദേമാതരം വിവാദം, മേക്കെദാതു ഡാം പദ്ധതി തർക്കം, തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്ത സംഭവം തുടങ്ങിയ വിഷയങ്ങൾ വിജയ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. തമിഴ്നാട്ടിൽ അധികാരത്തിലേറിയ ശേഷം വിജയ് നടത്തുന്ന ആദ്യ ദില്ലി സന്ദർശനമാണിത്. 12 വർഷത്തിന് ശേഷമാണ് വിജയ് മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. സർക്കാർ പരിപാടികളിൽ വന്ദേമാതരത്തിന് പകരം ആദ്യം 'തമിഴ് തായ് വാഴ്ത്ത്' ആലപിക്കാൻ അനുവദിക്കണമെന്ന് വിജയ് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. തമിഴ്നാട്ടിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആദ്യം ആലപിച്ചത് പ്രതിപക്ഷ കക്ഷികൾ ചോദ്യംചെയ്തിരുന്നു. ഇതിനിടെയാണ് വിജയ് പ്രധാനമന്ത്രിക്ക് മുന്നിൽ അഭ്യർഥന വെച്ചിരിക്കുന്നത്.

മേക്കെദാതുവിൽ ഡാം നിർമിക്കാനുള്ള കർണാടകത്തിന്‍റെ തീരുമാനത്തിൽ തമിഴ്നാടിനുള്ള ആശങ്ക വിജയ് പ്രധാനമന്ത്രിയോട് പങ്കുവെച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ഭൂമി പൂജ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് വിജയ് പ്രധാനമന്ത്രിയെ അറിയിച്ചു. തർക്കത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളുടെയും അനുമതിയില്ലാതെ ഈ പദ്ധതിക്ക് അനുമതി നൽകരുതെന്ന് ജൽ ശക്തി മന്ത്രാലയത്തോടും കേന്ദ്ര ജലവിഭവ ട്രൈബ്യൂണലിനോടും നിർദ്ദേശിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള ചോള കാലഘട്ടത്തിലുള്ള ചെമ്പോലകൾ നെതർലൻഡ്സിൽനിന്ന് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നതിന് വിജയ് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.

YouTube video player