ഇനി പറയാനില്ല ആരുടെ വേണമെങ്കിലും കാലു പിടിക്കാം. ഇതൊന്ന് അവസാനിപ്പിക്കൂ. ഒരച്ഛനെന്ന നിലയിൽ എനിക്കിത് താങ്ങാനാവുന്നില്ല. 

ആലപ്പുഴ: കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രൺജിത്ത് ശ്രീനിവാസൻ്റെ വീട് രാജ്യസഭാ എംപി സുരേഷ് ​ഗോപി സന്ദ‍ർശിച്ചു. കുടുംബാം​ഗങ്ങളെ കണ്ട സുരേഷ് ​ഗോപി അവരെ ആശ്വാസിപ്പിച്ചു. രാഷ്ട്രീയകൊലപാതകങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അതിനായി ആരുടെ കാലിൽ വേണമെങ്കിലും വീഴാമെന്നും സുരേഷ് ​ഗോപി പറഞ്ഞു. 

സുരേഷ് ​ഗോപിയുടെ വാക്കുകൾ - 

രാഷ്ട്രീയ കൊലപാതകങ്ങൾ എന്ന ഈ സമ്പ്രദായം രാജ്യദ്രോഹപരമാണ്. ഈ സമ്പ്രദായത്തെ എത്രവട്ടം തള്ളിപ്പറഞ്ഞതാണ്. എന്നിട്ടും ഇതു തുടരുന്നു. ഇനി പറയാനില്ല ആരുടെ വേണമെങ്കിലും കാലു പിടിക്കാം. ഇതൊന്ന് അവസാനിപ്പിക്കൂ. ഒരച്ഛനെന്ന നിലയിൽ എനിക്കിത് താങ്ങാനാവുന്നില്ല. സമൂഹത്തിന് എന്തെങ്കിലും ഒരു സ്നേഹം കലാകാരനെന്ന നിലയ്ക്ക് ഉണ്ടെങ്കിൽ ഒന്നു വകവച്ചു തരാൻ തയ്യാറാവൂ. ഈ സംസ്കാരത്തിൽ നിന്നും ഉരുതിരിഞ്ഞു വന്നവരാണ്. ഒരു കൊലപാതകവും അതു മതത്തിൻ്റെ പേരിലായാലും രാഷ്ട്രീയത്തിൻ്റെ പേരിലായാലും ഒരു പ്രദേശത്തിൻ്റെയാകെ സമാധാനം കളയുകയാണ്. വള‍ർന്നുവരുന്ന കുഞ്ഞുങ്ങളെ ഇതെങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കണം. മരണപ്പെട്ടവരുടെ കുഞ്ഞുങ്ങളെ മാത്രമല്ല. ഇത്തരം കൊലപാതകങ്ങൾ കണ്ടു വളരുന്ന സമൂഹത്തിലെ എല്ലാ കുഞ്ഞുങ്ങളുടേയും മാനസിക വള‍ർച്ച ഏതു രീതിയിലായിരിക്കുമെന്ന് നമ്മൾ ചിന്തിക്കണം. ആ‍ അ‍ർത്ഥത്തിൽ ഇതൊരു തികഞ്ഞ രാജ്യദ്രോഹ നടപടിയാണ്.