Asianet News Malayalam

'കമ്യൂണിസ്റ്റായിട്ടല്ലാതെ ജീവിക്കാനാവില്ല'; സുരേഷ് കീഴാറ്റൂർ സിപിഐയിലേക്ക്

പാർട്ടിക്ക് വൻ മേൽക്കൈയുണ്ടായിരുന്ന കീഴാറ്റൂരിൽ നിന്നുയർന്ന വിമത ശബ്ദത്തെ ശക്തമായാണ് സിപിഎം നേരിട്ടത്

Suresh Keezhattoor to join CPI
Author
Kizhattoor, First Published Feb 10, 2021, 9:42 AM IST
  • Facebook
  • Twitter
  • Whatsapp

തളിപ്പറമ്പ്: വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ കീഴാറ്റൂർ സിപിഐയിലേക്ക്. സുരേഷുമായി ചർച്ചകൾ നടത്തിയെന്ന് സി പി ഐ നേതൃത്വം വ്യക്തമാക്കി. കമ്യൂണിസ്റ്റ്കാരനായിട്ടല്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്ന് സുരേഷ് പ്രതികരിച്ചു. വയൽ നികത്തിയുള്ള ബൈപ്പാസ് നിർമ്മാണത്തിനെതിരെയായിരുന്നു സമരം. പാർട്ടിക്ക് വൻ മേൽക്കൈയുണ്ടായിരുന്ന കീഴാറ്റൂരിൽ നിന്നുയർന്ന വിമത ശബ്ദത്തെ ശക്തമായാണ് സിപിഎം നേരിട്ടത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിക്കെതിരെ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത മത്സരിച്ചിരുന്നു.

വർഷങ്ങളോളം സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഇദ്ദേഹം തന്റെ രാഷ്ട്രീയ തീരുമാനത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 'രാഷ്ട്രീയ വ്യാമോഹത്തോടെയല്ല സിപിഐയിൽ ചേരുന്നത്. സംഘിയെന്ന് ആരോപിച്ച് മുദ്ര കുത്തുകയാണ് സിപിഎം പ്രവർത്തകർ ചെയ്യുന്നത്. എന്റെ രാഷ്ട്രീയ നിലപാട് എനിക്ക് പ്രഖ്യാപിക്കണം. ഇടത് പാതയാണ് എന്റേത്. സിപിഎം നിലപാടിനോടുള്ള വിയോജിപ്പാണ് ഉയർത്തിയത്. അങ്ങിനെ വിമർശിക്കുന്നവരെല്ലാം കോൺഗ്രസും സംഘപരിവാറുമല്ല. കീഴാറ്റൂർ വയൽ വിഷയം മാത്രമല്ല രാഷ്ട്രീയം. രാഷ്ട്രീയ നിലപാട് എന്റെ പ്രഖ്യാപനമാണ്. 

ജയിംസ് മാത്യു എന്നെ തള്ളിപ്പറഞ്ഞോട്ടെ. ഓരോ മനുഷ്യനും ജീവജാലത്തിനും ഈ ലോകത്ത് വിലയുണ്ട്. ആ രാഷ്ട്രീയം ജയിംസ് മാത്യു പഠിച്ചിട്ടില്ല. 460 വോട്ടിന് സിപിഎം ജയിച്ച ഒരു സ്ഥലത്ത് 130 വോട്ടിനാണ് സിപിഎം ജയിച്ചത്. ആ വോട്ട് ചെയ്തവർ എല്ലാം തള്ളിക്കളയേണ്ടവരാണ് എന്ന് കരുതുന്നെങ്കിൽ അത്തരത്തിൽ ഉയർന്നുവരുന്നവരെയെല്ലാം തള്ളിക്കളയേണ്ടി വരും.

സിപിഐ ജില്ലാ സെക്രട്ടറി സന്തോഷുമായി സംസാരിച്ചു. അക്കാര്യം പൊതുജനത്തെയും അറിയിച്ചു. പന്ന്യൻ രവീന്ദ്രനുമായി ആകസ്മികമായി സംസാരിച്ചു. പ്രത്യേക താത്പര്യമോ നേതൃത്വമോ ആഗ്രഹിക്കുന്നില്ല. ചുവരുണ്ടെങ്കിലേ ചിത്രം വരക്കാനാവൂ. നാടിനെ തകർത്ത് വികസനം അടിച്ചേൽപ്പിക്കരുത്. സമന്വയത്തിന്റെ പാതയിലാണ് തീരുമാനം നടപ്പിലാക്കേണ്ടത്. സിപിഐ സ്വീകരിച്ച നിലപാടല്ല ഇക്കാര്യത്തിൽ സിപിഎം സ്വീകരിച്ചത്. കമ്യൂണിസ്റ്റ് ഗ്രാമത്തിൽ ജനിച്ച് ജീവിച്ച ഞങ്ങളെ പോലുള്ളവർക്ക് കോൺഗ്രസിലേക്കോ ബിജെപിയിലേക്കോ പോകാനാവില്ല. 

എറണാകുളത്ത് അപാർട്മെന്റുകൾ പൊളിച്ചുമാറ്റിയിട്ടുണ്ട്. റോഡ് ഇതുവഴി വന്നാൽ വലിയ വിഭാഗം ഇവിടെ നിന്ന് ഒഴിഞ്ഞുപോകേണ്ടി വരും. പണത്തിനെ വെച്ച് സാമൂഹിക പ്രശ്നങ്ങളെയും ജീവൽ പ്രശ്നങ്ങളെയും അളക്കരുത്. കൃഷിക്കാരൻ പണം വാങ്ങിയത് കൊണ്ട് ബൈപാസ് കൊണ്ട് ഉണ്ടാവുന്ന പ്രശ്നം അവസാനിക്കുന്നില്ല. ഈ പദ്ധതി ഉയർത്തുന്ന പ്രത്യാഘാതം വലുതാണ്. വയൽക്കിളി സമര സംഘടനയാണ്. അതിൽ എല്ലാ രാഷ്ട്രീയക്കാരും ഉണ്ട്. അത് അതിന്റേതായ രീതിയിൽ അവർ മുന്നോട്ട് പോകും. സിപിഐയിൽ പോകുന്നത് എന്റെ മാത്രം തീരുമാനമാണ്. സിപിഐയെ വളർത്തിയെടുക്കാൻ ആവശ്യമായതെല്ലാം ചെയ്യും. രാഷ്ട്രീയം ഒരു വരുമാനമല്ല. അധ്വാനിച്ച് തന്നെ ജീവിക്കും. പാചകത്തൊഴിലാളിയാണ് ഇപ്പോൾ.' രാഷ്ട്രീയം ഉപജീവനമായി കാണില്ലെന്നും സുരേഷ് കീഴാറ്റൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios