ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കീഴാറ്റൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരില്‍ വീട് കയറി സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍.

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കീഴാറ്റൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരില്‍ വീട് കയറി സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍. വീടിന് മുന്നിലെത്തിയ സിപിഎം പ്രവര്‍ത്തകരും സുരേഷും തമ്മില്‍ വാക്കേറ്റമുണ്ടായി. രണ്ട് സ്ത്രീകളടക്കം ആറോളം പേര്‍ വീട്ടിനകത്ത് കയറി ഭാര്യയുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും, തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടായതായും സുരേഷ് ആരോപിക്കുന്നു. സംഘര്‍ഷത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സുരേഷിന്‍റെ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഘര്‍ഷത്തിനിടെ വീടിന്‍റെ ജനലുകള്‍ക്ക് കേടുപാടുണ്ടായി. എന്നാല്‍ ഇത് സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സംഭവിച്ചതല്ലെന്നും സുരേഷ് വ്യക്തമാക്കി. കീഴാറ്റൂര്‍ എല്‍പി സ്കൂളിലെ 102ാം ബൂത്തില്‍ വ്യാപകമായി കള്ളവോട്ട് നടക്കുന്നതായി ആരോപിച്ച് സുരേഷ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തില്‍ അറുപത് കള്ളവോട്ടുകളുടെ ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു സുരേഷിന്‍റെ കുറിപ്പ്. 

അതേസമയം വെബ് കാസ്റ്റിങ്ങില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയ വീഡിയോയില്‍ സിപിഎം പ്രവര്‍ത്തകരാണ് കള്ളവോട്ട് ചെയ്യുന്നതെന്ന് സുരേഷ് ആരോപിച്ചിരുന്നില്ല. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പേര് പറയാതെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും കള്ളവോട്ട് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും സുരേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട്പറഞ്ഞു.

'കീഴാറ്റൂരിലെ 102 നമ്പർ ബൂത്തിൽ ജനാധിപത്യം ഇന്ന് പൂത്തുലഞ്ഞു ആദ്യം വെള്ളക്കുപ്പായം പിന്നെ കള്ളിഷർട് ഇത് പോലെ അറുപതു കള്ളവോട്ടുകളുടെ ദൃശ്യങ്ങൾ ഉണ്ട്......... ജനാധിപത്യം വാഴട്ടെ' - വീഡിയോയ്ക്കൊപ്പം ഇങ്ങനെയൊരു കുറിപ്പും സഹിതമായിരുന്നു സുരേഷിന്‍റെ പോസ്റ്റ്.

പോസ്റ്റ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടതോടെ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സുരേഷിന്‍റെ വീടിന് മുന്നിലെത്തി. 'കള്ളവോട്ട് വാർത്ത പുറത്തു വിട്ടതിൽ സഖാക്കൾ കൂട്ടത്തോടെ വീട് വളയുന്നു' എന്ന് സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഇവര്‍ വീട്ടിലെത്തിയ സമയം താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും തിരിച്ചെത്തിയപ്പോള്‍ ക്രൂരമായ രീതിയില്‍ തെറിയഭിഷേകം നടത്തിയെന്നും സുരേഷ് ആരോപിക്കുന്നു. 

സംഭവം സിപിഎം നിഷേധിച്ചിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയില്ലെന്നും കാര്യം സംസാരിക്കാനെത്തിയ സ്ത്രീകളടക്കമുള്ളവരെ സുരേഷും ബന്ധുക്കളും ചേര്‍ന്ന് ആക്രമിച്ചതായും സിപിഎം നേതാക്കള്‍ പറയുന്നു.