കൊച്ചി: സങ്കീർണമായ ഹൃദയരോഗവുമായി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തിച്ച നവജാതശിശുവിന്‍റെ ശസ്ത്രക്രിയ വിജയം. രാവിലെ 10 മണിക്ക് എറണാകുളം ലിസി ഹോസ്‍പിറ്റലില്‍ നടന്ന ശസ്ത്രക്രിയ ആറുമണിക്കൂറാണ് നീണ്ടത്. കുഞ്ഞിന്‍റെ നില തൃപ്‍തികരമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 

ഇന്നലെ ജനിച്ചയുടൻ തന്നെ വെന്‍റിലേറ്ററിലേക്ക് മാറ്റിയ കുഞ്ഞിനെ, നാഗർകോവിലില്‍ നിന്നും റോഡ് മാര്‍ഗമാണ് കൊച്ചിയിലെത്തിച്ചത്. ലോക്ക്ഡൗണിനിടയിലും കേരള - തമിഴ്നാട് സർക്കാരുകളുടെ സമയോചിതമായ ഇടപെടലാണ്, തടസങ്ങളില്ലാതെ അതിർത്തി കടന്ന് കുഞ്ഞിനെ കൊണ്ടുവരുന്നതിനുള്ള സാഹചര്യമൊരുക്കിയത്.