Asianet News MalayalamAsianet News Malayalam

ശസ്ത്രക്രിയാ ഉപകരണം രോഗിയുടെ വയറിനുള്ളിൽ മറന്നുവച്ചു; നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സ്വകാര്യാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ  ഉപകരണം വയറിൽ കുരുങ്ങിയ കാര്യം രോഗി മനസിലാക്കിയത്. തുടർന്ന് സ്വകാര്യാശുപത്രിയിൽ നടത്തിയ ശസ്ത്ര ക്രിയയിൽ ഉപകരണം പുറത്തെടുത്തു.

Surgical equipment leaves inside patient stomach human rights commission order to give compensation
Author
Thiruvananthapuram, First Published Aug 10, 2022, 6:44 PM IST

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ നടന്ന പാൻക്രിയാസ് ശസ്ത്രക്രിയക്കിടയിൽ ശസ്ത്രക്രിയ ഉപകരണം രോഗിയുടെ വയറിനുള്ളിൽ മറന്നു വച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ശസ്ത്രക്രിയാ ഉപകരണമായ ഫോർസെപ്സ് ആണ് വയറിനുള്ളിൽ മറന്നുവച്ചത്. 

ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോക്ടർമാർ, നഴ്സുമാർ എന്നിവരിൽ നിന്ന് നഷ്ടപരിഹാര തുക ഈടാക്കി പരാതിക്കാരന് നൽകാം. ഉത്തരവാദപ്പെട്ടവരിൽ നിന്ന് ഈടാക്കേണ്ട തുക ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് തീരുമാനിക്കാമെന്നും കമ്മീഷൻ അംഗം വി കെ ബീനാകുമാരി  ഉത്തരവിൽ പറഞ്ഞു. ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം തുക നൽകണമെന്നും അല്ലാത്തപക്ഷം പത്തുശതമാനം പലിശ നൽകേണ്ടി വരുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ആരോഗ്യവകുപ്പ് സെക്രട്ടറി തുക കൈമാറിയ ശേഷം കമ്മീഷനെ അറിയിക്കണം. 

തൃശൂർ കണിമംഗലം സ്വദേശി ഓട്ടോ റിക്ഷാ തൊഴിലാളിയായ ജോസഫ് പോൾ നൽകിയ പരാതിയിലാണ് നടപടി.  2020 മെയ് 5 നാണ്   ജോസഫ് പോളിന് തൃശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ശസ്ത്രക്രിയ  ഉപകരണം വയറിൽ കുരുങ്ങിയ കാര്യം രോഗി മനസിലാക്കിയത്. തുടർന്ന് സ്വകാര്യാശുപത്രിയിൽ നടത്തിയ ശസ്ത്ര ക്രിയയിൽ ഉപകരണം പുറത്തെടുത്തു.

തൃശൂർ ജില്ലാ പൊലീസ് മേധാവിയിൽ നിന്ന് കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി. ഡോക്ടറുടെ അനാസ്ഥയും അശ്രദ്ധയും കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.  ഡോക്ടർമാർക്കെതിരെ തൃശൂർ മെഡിക്കൽ കോളേജ് പൊലീസ് ക്രൈം 540/2020 നമ്പറായി കേസെടുത്തിട്ടുണ്ട്.  തുടർന്ന് ഗുരുവായൂർ അസിസ്റ്റന്റ് കമ്മീഷണർ കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങി.  ഇതിനു ശേഷം ഡോ. എം എ ആൻഡ്രൂസ് ചെയർമാനായി ഒരു മെഡിക്കൽ ബോർഡിന് രൂപം നൽകി. 

മെഡിക്കൽ ബോർഡും ഡോക്ടർമാരുടെ ഭാഗത്ത് കുറ്റം കണ്ടെത്തി. എന്നാൽ നഴ്സുമാരുടെ അനാസ്ഥ കാരണമാണ് സംഭവമുണ്ടായതെന്ന് ഉത്തരവാദികളായ ഡോക്ടർമാർ കമ്മീഷനെ അറിയിച്ചു.  ശസ്ത്രക്രിയയിൽ പങ്കെടുത്ത ഒരു നേഴ്സ് അഞ്ചു വർഷത്തെ വേതനരഹിത അവധിയെടുത്തതായും രണ്ടാമത്തെയാൾ സ്ഥാപനം വിട്ടുപോയതായും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു. നഴ്സുമാരുടെ സ്ഥിരം മേൽവിലാസം അറിയില്ലെന്ന ആശുപത്രി സൂപ്രണ്ടിന്റെ പ്രസ്താവന കമ്മീഷൻ തള്ളി.

സംഭവത്തിൽ ചികിത്സാ പിഴവുണ്ടായതായി കമ്മീഷൻ കണ്ടെത്തി. ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോ. പോളി ജോസഫ്, ഡോ അർഷാദ്, ഡോ. പി. ആർ. ബിജു, നഴ്സുമാരായ മുഹ്സിന, ജിസ്മി വർഗ്ഗീസ് എന്നിവരും കുറ്റക്കാരാണെന്ന് കമ്മീഷൻ കണ്ടെത്തി. ഇവരിൽ നിന്ന് മൂന്ന് ലക്ഷം രൂപ  ഈടാക്കാനാണ് ഉത്തരവ്. ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ് തുക പരാതിക്കാരന് കൈമാറേണ്ടത്.         

Follow Us:
Download App:
  • android
  • ios