പി വി അൻവറിനെതിരായ മിച്ചഭൂമി കേസ്; താമരശേരി ലാന്‍ഡ് ബോര്‍ഡ് വൻ അട്ടിമറി നടത്തിയതായി പരാതിക്കാരൻ
ഭൂപരിഷ്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്നതിലും അധികമുളള 19.26 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ കഴിഞ്ഞ മാസമാണ് താമരശ്ശേരി താലൂക്ക് ലാൻഡ്ബോർഡ് ചെയർമാൻ നോട്ടീസയച്ചത്.

വയനാട്: പി വി അൻവറിൻ്റെ മിച്ച ഭൂമി തിട്ടപ്പെടുത്തുന്നതില്‍ താമരശേരി ലാന്‍ഡ് ബോര്‍ഡ് വൻ അട്ടിമറി നടത്തിയതായി പരാതിക്കാരൻ. അൻവറും കുടുംബവും 19.26 ഏക്കർ മിച്ച ഭൂമി കൈവശം വച്ചിരിക്കുന്നതായി നേരത്തെ കണ്ടെത്തിയ ലാന്‍ഡ് ബോര്‍ഡ് പക്ഷേ ഉത്തരവിറക്കിയപ്പോള്‍ പിടിച്ചെടുക്കേണ്ട ഭൂമി ആറേക്കറായി ചുരുക്കിയതിനു പിന്നിൽ ഉദ്യോഗസ്ഥ ഒത്തുകളിയെന്നാണ് ആരോപണം. എന്നാൽ അൻവർ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഭൂപരിധി നിയമത്തിലെ ഇളവുകൾ അനുവദിക്കുകയായിരുന്നെന്നാണ് ലാൻഡ് ബോർഡ് വിശദീകരണം.
പി വി അൻവറിന്‍റെയും കുടുംബത്തിന്‍റെയും പേരിലുളളതായി ലാൻഡ്ബോർഡ് കണ്ടെത്തിയത് 31.26 ഏക്കർ ഭൂമിയാണ്. ഭൂപരിഷ്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്നതിലും അധികമുളള 19.26 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ കഴിഞ്ഞ മാസമാണ് താമരശ്ശേരി താലൂക്ക് ലാൻഡ്ബോർഡ് ചെയർമാൻ നോട്ടീസയച്ചത്. 2007ൽത്തന്നെ അനവർ ഭൂപരിധി ലംഘിച്ചതായും ലാൻഡ് ബോർഡ് കണ്ടെത്തിയിരുന്നു. എന്നാൽ അൻവർ നൽകിയ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ കുടുംബാഗങ്ങൾക്കുൾപ്പെടെ 21.72 ഏക്കർ ഭൂമി മാത്രമാണുളളതെന്നും അധികമുളള 6.24ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നുമാണ് ലാൻഡ് ബോർഡ് ഏറ്റവുമൊടുവിൽ ഇറക്കിയ ഉത്തരവിലുളളത്.
സ്കൂൾ, വാണിജ്യസമുച്ചയം, ചാരിറ്റി സ്ഥാപനം തുടങ്ങിയവയക്കുളള ഇളവുകൾ നൽകുമ്പോൾ 6.24 ഏക്കർമാത്രമാണ് മിച്ചഭൂമിയെന്നാണ് കണ്ടെത്തൽ. ഈ വിശദീകരണത്തിൽ അവ്യക്തതയുണ്ടെന്നും താൻ നൽകിയ മുഴുവൻ തെളിവുകളും പരിഗണിച്ചില്ലെന്നും പരാതിക്കാരൻ. പരാതിക്കാരൻ നൽകിയ പട്ടികയിലെ മുഴുവൻ ഭൂമിയും അൻവറിന്‍റെതല്ലെന്നാണ് ലാൻഡ്ബോർഡ് വിശദീകരിക്കുന്നത്.