വയനാട്ടിലും ലോൺ ആപ്പ് ആത്മഹത്യ? യുവാവ് ജീവനൊടുക്കി, വ്യാജചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്ന് സുഹൃത്തുക്കൾ
ലോൺ ആപ്പിൽ നിന്നു കടം എടുത്തിരുന്നു എന്നും പണം തിരിച്ചു അടയ്ക്കാൻ വ്യാജചിത്രം ഉയോഗിച്ച് ഭീഷണിപ്പെടുത്തി എന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തി.

വയനാട്: വയനാട്ടിൽ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.അരിമുള സ്വദേശി അജയ് രാജ് ആണ് മരിച്ചത്. അരിമുള എസ്റ്റേറ്റിലാണ് തൂങ്ങിമരിച്ച നിലയിൽ അജയ് രാജിനെ കണ്ടെത്തിയത്. അജയ് ലോൺ ആപ്പിൽ നിന്നു കടം എടുത്തിരുന്നു എന്നും പണം തിരിച്ചു അടയ്ക്കാൻ വ്യാജചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി എന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തി. കൂടാതെ മറ്റ് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്തതിനെ തുടര്‍ന്ന് കടമക്കുടിയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് വയനാട്ടില്‍ നിന്നും ഈ വാര്‍ത്ത പുറത്തുവരുന്നത്.
ഇയാളുടെ മരണകാരണം എന്തായിരുന്നുവെന്ന് ആർക്കും വ്യക്തതയുണ്ടായിരുന്നില്ല. ഇന്നലെ രാത്രിയാണ് ഒരു സുഹൃത്തിന്റെ ഫോണിലേക്ക് അജയ് രാജിന്റെ മോർഫ് ചെയ്ത വ്യാജ ചിത്രങ്ങൾ എത്തുന്നത്. അതോടു കൂടിയാണ് എല്ലാവർക്കും സംശയമുണ്ടായത്. പിന്നീട് കുടുംബത്തിലെ ചിലർക്ക് കൂടി ഇത്തരത്തിൽ ചിത്രങ്ങൾ വന്നു എന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ലോൺ ആപ്പിൽ നിന്നും 5000 രൂപ വായ്പ എടുത്തു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇയാളുടെ ഫോൺ മീനങ്ങാടി പൊലീസിന്റെ കസ്റ്റഡിയിലാണ്. പരിശോധന പൂർത്തിയാക്കിയതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. കൂടാതെ ഇയാൾക്ക് മറ്റ് സാമ്പത്തിക ബാധ്യത കൂടി ഉണ്ടായിരുന്നു എന്നും സുഹൃത്തുക്കൾ വ്യക്തമാക്കി.
ലോട്ടറി വില്‍പനക്കാരനാണ് അജയ് രാജ്. ഇന്നലെ രാവിലെ ലോട്ടറി എടുക്കാന്‍ വേണ്ടി പോയതാണ്. എന്നാല്‍ പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. പിന്നീടാണ് അജയിന്‍റെ വണ്ടി അരിമുള എസ്റ്റേറ്റിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അജയ് രാജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലോണ്‍ ആപ്പില്‍ നിന്നും വളരെ ചെറിയ തുക മാത്രമാണ് അജയ് എടുത്തിരുന്നത് എന്നാണ് അറിയുന്നത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
പ്രധാനമന്ത്രിയുടെ ജന്മദിനം; ജനങ്ങൾക്ക് സൗജന്യ ചികിത്സയുമായി 'ആയുഷ്മാൻ ഭവ' ക്യാമ്പയിൻ
ലോൺ ആപ്പിൽ നിന്ന് ഭീഷണി നേരിട്ടിരുന്നുവെന്ന് സുഹൃത്തുക്കൾ