പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം, 2 പശുക്കിടാങ്ങളെ പിടിച്ചു; സ്ഥലത്ത് പരിശോധന നടത്തി വനംവകുപ്പ്
തൊട്ടപ്പുറത്തെ കർണാടക കാടുകളിൽ നിന്ന് കടുവ എത്തിയതാകാം എന്നാണ് വിലയിരുത്തൽ.
കൽപറ്റ: വയനാട് ജില്ലയിലെ പുൽപ്പള്ളി സീതാമൗണ്ടിൽ കടുവ ഇറങ്ങിയെന്ന് നാട്ടുകാർ. കളപ്പുരയ്ക്കൽ ജോസഫിൻ്റെ രണ്ടു പശുക്കിടാങ്ങളെയാണ് കടുവ പിടിച്ചത്. ഒന്നരമാസം പ്രായമുള്ള പശുക്കളാണ്. പശുക്കളെ മേയാൻ വിട്ടപ്പോഴാണ് സംഭവം. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് കടുവ ഇറങ്ങിയത്. തൊട്ടപ്പുറത്തെ കർണാടക കാടുകളിൽ നിന്ന് കടുവ എത്തിയതാകാം എന്നാണ് വിലയിരുത്തൽ. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഫെബ്രുവരി അവസാനം മുള്ളൻകൊല്ലിയിൽ നിന്ന് WWL 121 എന്ന കടുവ കെണിയിലായിരുന്നു. ഈ വർഷം അഞ്ചു കടുവകൾ വയനാട്ടിൽ വനംവകുപ്പിൻ്റെ പിടിയിലായിട്ടുണ്ട്.