വിവരാവകാശ പ്രകാരം തന്‍റെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ലഭിച്ചെന്നാണ് സ്ക്രീന്‍ ഷോട്ട് സഹിതം പ്രശാന്ത് ഫേസ് ബുക്കിൽ എഴുതിയിരിക്കുന്നത്
തിരുവനന്തപുരം: തന്‍റെ സസ്പെന്‍ഷൻ പിന്നിൽ എന്താണ് നടന്നതെന്ന കാര്യങ്ങള്‍ പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നല്‍കി എൻ പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും വിവരാവകാശ പ്രകാരം തനിക്ക് ലഭിച്ചെന്നും ആരൊക്കെ എന്തൊക്കെ എഴുതിയെന്നും ആര് ആരെ തിരുത്തിയെന്ന് പുറത്തുവരുമെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. തിരുവായ്ക്ക് എതിര്‍വായില്ലാത്ത വിധം ചീഫ് സെക്രട്ടറി കെ ജയതിലകിന് ആരാണ് ഇത്രയധികം അധികാരങ്ങള്‍ നല്‍കിയതെന്നും പ്രശാന്ത് ചോദിക്കുന്നുണ്ട്.
പ്രശാന്തിന്‍റെ പുതിയ വെളിപ്പെടുത്തലോടെ ഐഎഎസ് തലപ്പത്തെ ചേരിപ്പോര് പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് കഴിഞ്ഞ ഏഴ് മാസമായി സസ്പെന്‍ഷനിൽ കഴിയുകയാണ് എൻ പ്രശാന്ത്. വിവരാവകാശ പ്രകാരം തന്‍റെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ലഭിച്ചെന്നാണ് സ്ക്രീന്‍ ഷോട്ട് സഹിതം പ്രശാന്ത് ഫേസ് ബുക്കിൽ എഴുതിയിരിക്കുന്നത്.
ആരൊക്കെ എന്തൊക്കെ ഫയലിൽ എഴുതിയെന്നും ആര് ആരെ തിരുത്തിയെന്നുമൊക്കെ പുറത്ത് വരുമെന്നും പ്രശാന്ത് പറയുന്നു. തിരുവായ്ക്ക് എതിര്‍വായില്ലാത്ത വിധം ചീഫ് സെക്രട്ടറി കെ ജയതിലകിന് ആരാണ് ഇത്രയധികം അധികാരങ്ങള്‍ നല്‍കിയെന്നും പ്രശാന്ത് ചോദിക്കുന്നുണ്ട്. ശാരദാ മുരളീധരന് ചീഫ് സെക്രട്ടറിയായിരിക്കെയാണ് പ്രശാന്തിനെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുന്നത്.
ശാരദാ മുരളീധരന് വിരമിക്കുന്നതിന് തൊട്ടുമുമ്പ്, ഇദ്ദേഹത്തെ സര്‍വീസിൽ തിരിച്ചെടുക്കാൻ സസ്പെൻഷൻ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. എന്നാൽ തുടര്‍നടപടിയുണ്ടായില്ല. പിന്നീട് പ്രശാന്ത് ആരോപണം ഉന്നയിച്ച കെ ജയതിലക് ചീഫ് സെക്രട്ടറിയായശേഷം സസ്പെൻഷൻ റിവ്യൂ കമ്മിറ്റി വീണ്ടും വിളിച്ചു കൂട്ടി ആറ് മാസത്തേക്ക് കൂടി സസ്പെൻഷൻ നീട്ടാൻ ശുപാര്‍ശ ചെയ്തുവെന്നാണ് ആരോപണം. കേന്ദ്ര സര്‍ക്കാരിന്‍റെ മുന്‍കൂർ അനുമതി വേണമെന്നിരിക്കേ, അത് വാങ്ങാതെ ചട്ടംലംഘിച്ചാണ് സസ്പെന്‍ഷൻ നീട്ടിയതെന്നും പ്രശാന്ത് പറയുന്നു.

