Asianet News MalayalamAsianet News Malayalam

വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച ഗുണ്ടാനേതാവിന് സ്റ്റേഷൻ ജാമ്യം നൽകിയ മംഗലപുരം എസ്.ഐക്ക് സസ്പെൻഷൻ


രണ്ട് ദിവസം മുമ്പാണ് വിദ്യാര്‍ത്ഥിയായ അനസിനെ കണിയാപുരം മസ്താന്‍ മുക്കില്‍ വെച്ച് നിരവധി കേസില്‍ പ്രതിയായ ഗുണ്ടാ നേതാവ് ഫൈസല്‍ ഭീകരമായി മര്‍ദിച്ചത്

suspension for SI who granted bail to the goons leader
Author
Kaniyapuram, First Published Nov 27, 2021, 2:01 PM IST

തിരുവനന്തപുരം കണിയാപുരത്ത് വിദ്യാര്‍ത്ഥിയെ ബൈക്ക് തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച ഗുണ്ടാ നേതാവിനെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ച സംഭവത്തില്‍ മംഗലപുരം എസ്ഐക്ക് (Mangalapuram SI) സസ്പെൻഷൻ. ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ (Sanjay Kumar garudin) ഇന്നലെ സ്റ്റേഷനില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. എസ്ഐ തുളസീധരന്‍ നായര്‍ ഗുരുതര വീഴ്ച വരുത്തിയെന്നായിരുന്നു സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് തുളസീധരൻ നായരെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിറങ്ങിയത്. സംഭവത്തെക്കുറിച്ച് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ഉത്തരവുണ്ട്. 

രണ്ട് ദിവസം മുമ്പാണ് വിദ്യാര്‍ത്ഥിയായ അനസിനെ കണിയാപുരം മസ്താന്‍ മുക്കില്‍ വെച്ച് നിരവധി കേസില്‍ പ്രതിയായ ഗുണ്ടാ നേതാവ് ഫൈസല്‍ ഭീകരമായി മര്‍ദിച്ചത്. ബൈക്ക് തടഞ്ഞ് നിര്‍ത്തി താക്കോല്‍ ഊരിമാറ്റിയായിരുന്നു മര്‍ദനം. മര്‍ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും പരാതിയില്‍ കേസ് എടുക്കാന്‍ ആദ്യം മംഗലപുരം പോലീസ് തയ്യാറായതുമില്ല. വാര്‍ത്ത പുറത്തുവന്നതോടെ പേരിന് കേസെടുത്തു. പക്ഷേ ദുര്‍ബലമായ വകുപ്പുകള്‍. ഫൈസല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്ത് പുറത്തിറങ്ങി. വധശ്രമ കേസില്‍ പോലീസ് തെരയുന്ന പ്രതിയായിട്ട് കൂടി ഫൈസലിന് സ്റ്റേഷന്‍ ജാമ്യം കൊടുത്തതും വാര്‍ത്തയായിരുന്നു.

ഫൈസലിനെ പിന്നീട് നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു. അനസിനെ ഭീകരമായി ഫൈസല്‍ മര്‍ദിച്ചപ്പോള്‍ ദുര്‍ബല വകുപ്പ് ചുമത്തിയ തുളസീധരന്‍ നായര്‍ ഫൈസലിനെ മര്‍ദിച്ച നാട്ടുകാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇതോടെ സംഭവം വീണ്ടും വാർത്തയാവുകയും തുളസീധരൻ നായർക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയുമായിരുന്നു. 

നേരത്തെ മംഗലപുരം സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഇതേ എസ്ഐ അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു. തെരെഞ്ഞെടുപ്പിന് ശേഷം തുളസീധരന്‍ നായര്‍ മംഗലപുരം സ്റ്റേഷനില്‍ തിരിച്ചെത്തി. ഫൈസലിന്‍റെയും സംഘത്തിന്‍റെയും മര്‍ദനത്തില്‍ അനസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. എസ്ഐ തുളസീധരന്‍ നായര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഡിഐജി ഇന്നലെ പോലീസ് സ്റ്റേഷനില്‍ മിന്നല്‍ പരിശോധന നടത്തിയത്.

Follow Us:
Download App:
  • android
  • ios