ദില്ലി: ഏഴ് ലോക്സഭ എംപിമാരെ സസ്പെൻഡ് ചെയ്തതിനെ ചൊല്ലി പാർലമെൻറ് ഇന്ന് പ്രക്ഷുബ്ധമാകും. സസ്പെൻഷനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. പ്രതിപക്ഷ നേതാക്കളുടെ യോഗം രാവിലെ ചേർന്ന് സഭയിൽ കൂട്ടായ നിലപാടെടുക്കുന്ന കാര്യം ആലോചിക്കും.

ബെന്നി ബഹന്നാൻ, രാജ്മോഹൻ ഉണ്ണിത്താൻ, ടിഎൻ പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവരുൾപ്പടെ ഏഴ് എംപിമാരെയാണ് ഈ സമ്മേളനം അവസാനിക്കും വരെ സസ്പെൻഡ് ചെയ്തത്. പാർലമെൻറ് പരിസരത്ത് നിന്ന് പിൻവാങ്ങാനും ഇന്നലെ എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. എംപിമാരെ അയോഗ്യരാക്കണം എന്ന ആവശ്യം പരിഗണിക്കാൻ പ്രത്യേകസമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ ദേശീയ പാത വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രി നിതിൻ ഗഡ്കരി സംസ്ഥാനത്തെ എംപിമാരെ ഇന്ന് കാണും.