തിരുവനന്തപുരം: ആലപ്പുഴ വഴിയുള്ള ട്രെയിൻ സർവീസ് താത്കാലികമായി നിര്‍ത്തിവച്ചു. ആലപ്പുഴ വഴിയുള്ള ദീർഘദൂര ട്രെയിനുകൾ ഇനി അറിയിപ്പുണ്ടാകുന്നത് വരെ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. റെയിൽവേ ട്രാക്കിൽ മരം വീണ് തുടര്‍ച്ചയായി തടസ്സങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് തീരുമാനം.

ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ട്രെയിനുകള്‍ ഇന്ന് സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. ചേര്‍ത്തലയ്ക്ക് സമീപം ട്രാക്കില്‍ മരം വീണ് വൈദ്യുതി ലൈന്‍ നേരത്തെ തകരാറിലായിരുന്നു. ഇതിനെത്തുടന്ന് മണിക്കൂറുകള്‍ വൈകിയാണ് പല തീവണ്ടികളും സര്‍വീസ് നടത്തിയത്. സ്ഥിതിഗതികൾ പരിശോധിച്ചശേഷം നാളെ രാവിലത്തോടെ ഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് റെയിൽവേ അറിയിച്ചു. 

രണ്ട് പാസഞ്ചർ ട്രെയിനുകൾ, കൊല്ലം - എറണാകുളം മെമു എന്നിവ ഇതിനോടകം തന്നെ റദ്ദാക്കിയിട്ടുണ്ട്. ബാംഗ്ലൂർ - കൊച്ചുവേളി (16315), ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി (16841), ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിട്ടു.