ഹരിതയുടെ വനിതാ കമ്മീഷനിലെ പരാതിയിൽ ബാഹ്യ ഇടപെടൽ സംശയിക്കുന്നതായി എംഎസ്എഫ് ദേശീയ സെക്രട്ടറി എൻഎ കരീം

മലപ്പുറം: ഹരിതയുടെ വനിതാ കമ്മീഷനിലെ പരാതിയിൽ ബാഹ്യ ഇടപെടൽ സംശയിക്കുന്നതായി എംഎസ്എഫ് ദേശീയ സെക്രട്ടറി എൻഎ കരീം. പാർട്ടിക്ക് കൊടുത്ത പരാതിയിൽ പറയാത്ത കാര്യങ്ങളാണ് ഹരിത വനിതാ കമീഷനിൽ കൊടുത്ത പരാതിയിലുള്ളത്. ദേശീയ കമ്മറ്റിയുടെ പേരിൽ പ്രചരിക്കുന്ന റിപ്പോർട്ട് വാസ്തവ വിരുദ്ധമാണ്. അത്തരം ചർച്ചകൾ ദേശീയ കമ്മറ്റിയിൽ നടന്നിട്ടില്ല. ഹരിതക്കെതിരായ നടപടി ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലൈംഗികാധിക്ഷേപം നടത്തിയെന്നതടക്കമുള്ള ഹരിത നേതാക്കളുടെ പരാതിയിൽ മുസ്സിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ പൊലീസ് കേസ് എടുത്തു. ഹരിത പ്രവർത്തകരുടെ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് എന്നിവർക്കെതിരെയാണ് കേസ്. ലൈംഗിക ചുവയുള്ള സംസാരത്തിന് 354(A)വകുപ്പ് പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തത്. 

എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നേരത്തെ ഹരിതാ നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയിരുന്നു. വനിതാ കമ്മീഷൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി കൈമാറുകയും തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും റിപ്പോർട്ട് പൊലീസിന് കൈമാറുകയും ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. 

സംസ്ഥാന പ്രസിഡന്‍റ് പികെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്ന് കാണിച്ചാണ് വനിതാ കമ്മീഷന് പരാതി നൽകിയത്. ആദ്യം ലീഗ് നേതൃത്തിനായിരുന്നു ഹരിതാ നേതാക്കൾ പരാതി നൽകിയത്. ഈ പരാതി നേതൃത്വം അവഗണിച്ചതോടെയാണ് ഹരിതയിലെ 10 വനിതാ നേതാക്കള്‍ കമ്മീഷനെ സമീപിച്ചത്. 

ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ സംസ്ഥാന പ്രസിഡന്റ് പികെ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്‍റെയും പ്രതികരണം.

എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ ഹരിതാ നേതാക്കൾ ആരോപിക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona