അഞ്ച്‌ പൈസയുടെ വിശ്വാസീയതയില്ലാത്ത ഒരുത്തിയേയും കൂട്ടുപിടിച്ച്‌ കൊണ്ട്‌ ഇവരെല്ലാം കൂടി നടത്തുന്ന നാടകങ്ങൾ ജനങ്ങൾ പുശ്ചിച്ച്‌ തള്ളും. പിണറായി വിജയൻ ഇതിലും വലിയ വേട്ടകൾ അതിജീവിച്ച്‌ തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്‌.

മലപ്പുറം: കേരളത്തിലെ ജനങ്ങൾക്കിടയിൽ പിണറായി വിജയൻ എന്ന ഭരണാധികാരി നേടിയ അംഗീകാരം പ്രതിപക്ഷത്തേയും ബിജെപിയേയും ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് പി വി അൻവർ എംഎൽഎ. സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുടർഭരണം എന്ന ചരിത്രനേട്ടവുമായി പിണറായി വിജയൻ നടന്ന് കയറിയത്‌ ജനങ്ങളുടെ ഹൃദയങ്ങളിലേക്കാണെന്ന് അൻവർ പറഞ്ഞു. ഓഖി, നിപ്പ, രണ്ട്‌ പ്രളയങ്ങൾ എന്നിങ്ങനെ നമ്മുടെ സംസ്ഥാനം പ്രതിസന്ധികളെ നേരിട്ട വേളകളിലൊക്കെ അയാൾ ജനങ്ങൾ ഏൽപ്പിച്ച ക്യാപ്റ്റൻസിക്ക്‌ ഒപ്പം തന്നെ ഉയർന്ന് നിന്ന് പ്രവർത്തിച്ചു.

പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യപ്പെട്ട തൊണ്ണൂറ്റി ഒൻപത്‌ ശതമാനം കാര്യങ്ങളും നടപ്പിലാക്കി കാണിച്ച്‌ കൊടുത്ത ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തന മികവ്‌ ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ക്ഷേമ-വികസന പ്രവർത്തനങ്ങളിൽ മറ്റൊരിക്കലും കാണാനാകാത്ത പുരോഗതിയുമായാണ് രണ്ടാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്നതെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. കിഫ്ബി, ഗെയിൽ, കൊച്ചി-ഇടമൺ പവർ ലൈൻ,ദേശീയ പാതാ വികസനം എന്നിങ്ങനെ ഒരിക്കലും നടപ്പിലാക്കാൻ കഴിയില്ലെന്ന് പലരും കണക്കാക്കിയ നിരവധി പദ്ധതികൾ പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പിലായി.

ഈ സാഹചര്യത്തിൽ മുന്നോട്ട്‌ പോയാൽ, തങ്ങൾക്ക്‌ ഒരിക്കലും ഭരണസംവിധാനങ്ങളുടെ ഏഴയലത്ത്‌ എത്തി നോക്കാനാവില്ലെന്ന കൃത്യമായ ബോധ്യം യുഡിഎഫിനും ബിജെപിക്കുമുണ്ട്‌. ഈ ജനകീയത തകർക്കണമെങ്കിൽ പിണറായി വിജയന്റെ ഗ്രാഫ്‌ ഇടിയണം. അതിനായി അവർ കുറച്ച്‌ മാധ്യമങ്ങളേയും കൂട്ടുപിടിച്ചിട്ടുണ്ട്‌. അഞ്ച്‌ പൈസയുടെ വിശ്വാസീയതയില്ലാത്ത ഒരുത്തിയേയും കൂട്ടുപിടിച്ച്‌ കൊണ്ട്‌ ഇവരെല്ലാം കൂടി നടത്തുന്ന നാടകങ്ങൾ ജനങ്ങൾ പുശ്ചിച്ച്‌ തള്ളും. പിണറായി വിജയൻ ഇതിലും വലിയ വേട്ടകൾ അതിജീവിച്ച്‌ തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്‌. അശനിപാതം പോലെ നിങ്ങൾ ആരോപണങ്ങളുടെ തീമഴ പെയ്യിച്ചപ്പോൾ പോലും അയാൾ തളർന്നിട്ടില്ല, പിന്നെയല്ലേ ഈ ചാറ്റൽമഴ. മുഖ്യമന്ത്രിക്കൊപ്പം ഉറച്ച് നിൽക്കുന്നുവെന്നും അൻവർ വ്യക്തമാക്കി. 

'അസത്യം പ്രചരിപ്പിച്ച് സർക്കാരിന്റെ ഇച്ഛാശക്തി കളയാമെന്ന് കരുതണ്ട': സ്വപ്നയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണക്കടത്തിൽ അന്വേഷണം ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്ത് കേസിൽ ഇന്ന് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രചരിക്കുന്നത് അസത്യങ്ങളാണെന്നും, ഇത്തരത്തിൽ സർക്കാരിന്റെ ഇച്ഛാശക്തി കളയാമെന്ന് കരുതേണ്ടെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.

മുഖ്യമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന

ഇന്ന് ദൃശ്യമാധ്യമങ്ങളിലൂടെ ചില കേസുകളെപ്പറ്റി അവയില്‍ പ്രതിയായ വ്യക്തി നടത്തിയ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. സ്വര്‍ണ്ണക്കടത്ത് പുറത്തുവന്ന അവസരത്തില്‍ തന്നെ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. പിന്നീട് അന്വേഷണ രീതികളെപ്പറ്റിയുണ്ടായ ന്യായമായ ആശങ്കകള്‍ യഥാസമയം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. 

രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്രോതസ് മുതല്‍ അവസാന ഭാഗം വരെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് നിര്‍ബന്ധമുള്ള ഞങ്ങള്‍ക്കെതിരെ സങ്കുചിത രാഷ്ട്രീയ കാരണങ്ങളാല്‍ ചില കോണുകളില്‍ നിന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇത് ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്. ഇതില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ല. 

അസത്യങ്ങള്‍ വീണ്ടും ജനമധ്യത്തില്‍ പ്രചരിപ്പിച്ച് ഈ സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്നുകൂടി ബന്ധപ്പെട്ടവരെ ഓർമിപ്പിക്കട്ടെ.

ദീര്‍ഘകാലമായി പൊതുരംഗത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും വ്യാജ ആരോപണങ്ങള്‍ നേരിട്ടിട്ടും പതറാതെ പൊതുജീവിതത്തില്‍ മുന്നോട്ടുനീങ്ങുകയും ചെയ്യുന്നവർക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണെന്നുള്ളത് വ്യക്തമാണ്. അത്തരമൊരു ആളെക്കൊണ്ട് പഴയ ആരോപണങ്ങള്‍ അയവിറക്കിച്ച് നേട്ടം കൊയ്യാമെന്ന് കരുതുന്നവര്‍ക്കുള്ള മറുപടി നമ്മുടെ സമൂഹം നല്‍കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.

കേരളത്തിന്റെ സമഗ്ര വികസനത്തിനും സാമൂഹ്യക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യും.