Asianet News MalayalamAsianet News Malayalam

സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖയെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ഇഡിക്ക് മറുപടി നൽകാൻ അന്വേഷണം നടത്തണമെന്ന് ഋഷിരാജ് സിംഗ്  പൊലീസ് മേധാവിയോട് പറഞ്ഞിരുന്നു. ജയിലിലുള്ള സ്വപ്നയുടെ ശബ്ദരേഖ ചോർച്ചയിൽ വിവാദം മുറുകുമ്പോഴാണ് നേരത്തെ ജയിൽവകുപ്പ്, പരാതിയിൽ അന്വേഷണം നടത്താനാകില്ലെന്ന നിലപാടിൽ എത്തിയത്

Swapna Suresh audio clip crime branch inquiry DGP Behra
Author
Thiruvananthapuram, First Published Nov 21, 2020, 6:54 PM IST

തിരുവനന്തപുരം: സ്വര്‍ണ്ണ കളളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റേതായി പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ച് ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘത്തിനായിരിക്കും അന്വേഷണച്ചുമതല. ശബ്ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ജയില്‍ മേധാവിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം ജയില്‍മേധാവി സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ്  പ്രാഥമിക അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. 

ഇഡിക്ക് മറുപടി നൽകാൻ അന്വേഷണം നടത്തണമെന്ന് ഋഷിരാജ് സിംഗ്  പൊലീസ് മേധാവിയോട് പറഞ്ഞിരുന്നു. ജയിലിലുള്ള സ്വപ്നയുടെ ശബ്ദരേഖ ചോർച്ചയിൽ വിവാദം മുറുകുമ്പോഴാണ് നേരത്തെ ജയിൽവകുപ്പ്, പരാതിയിൽ അന്വേഷണം നടത്താനാകില്ലെന്ന നിലപാടിൽ എത്തിയത്. ശബ്ദം തന്റേതെന്ന് സ്വപ്ന തിരിച്ചറിഞ്ഞതും ചോർന്നത് ജയിലിൽ നിന്നല്ലെന്ന് ജയിൽവകുപ്പ് കണ്ടെത്തിയതുമാണ് കാരണം. എന്നാൽ ഇഡി അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. ശബ്ദരേഖ ചോർച്ചയിൽ ഗൂഢാലോചന സംശയിക്കുന്ന ഇഡി, ജയിൽവകുപ്പിനോട് അന്വേഷണം ആവശ്യപ്പെട്ടത് ഇക്കാരണത്താലാണ്. ജയിലിൽ നിന്നല്ല ശബ്ദരേഖ ചോർന്നതെന്ന നിഗമനത്തിൽ ഇതിനോടകം എത്തിയ ജയിൽവകുപ്പ്, കൂടുതൽ അന്വേഷണത്തിലേക്ക് പോകില്ല. പ്രാഥമിക അന്വേഷണം നടത്തിയ ജയിൽ ഡിഐജി റിപ്പോർട്ട് തയ്യാറാക്കാതെ വിവരങ്ങൾ മാത്രമാണ് ഡിജിപിയെ ധരിപ്പിച്ചത്. 

സ്വപ്ന ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത് കൊണ്ടാണ് രേഖാമൂലം റിപ്പോർട്ട് തയ്യാറാക്കാത്തത്. ഇഡിയുടെ കത്തിൽ, ജയിൽവകുപ്പ് കൃത്യമായ മറുപടി നൽകേണ്ടിവരും. ചുരുങ്ങിയ സമയത്തിനുള്ളിൽ സ്വപ്നയെ ചോദ്യം ചെയ്ത് ചോർച്ച ജയിലിൽ നിന്നല്ലെന്ന് നിലപാടിലേക്ക് ജയിൽ വകുപ്പ് എത്തിയതിനെയും ഇഡി സംശയിക്കുന്നുണ്ട്. സ്വപ്നയുടെ ശബ്ദരേഖയിൽ ഇഡിയുടെ പേര് പറയുന്നില്ലെങ്കിലും മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടാക്കാൻ ഇഡി ശ്രമിച്ചുവെന്നാണ് ആരോപണങ്ങളെല്ലാം. കേന്ദ്ര ഏജന്‍സിക്കെതിരെ ഉയർന്ന ആരോപണത്തിൽ വ്യക്തത വരുത്താനാണ് ഇഡിയുടെ നീക്കം. ചോർച്ചയല്ല, സ്വപ്ന പറ‍ഞ്ഞ കാര്യങ്ങളാണ് പ്രധാനം എന്നാണ് സ‍ർക്കാർ നിലപാട്.

Follow Us:
Download App:
  • android
  • ios