തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ വ്യാജ ബിരുദ കേസിൽ നിയമനം നൽകിയ കെഎസ്ഐടിഎല്‍ എംഡിക്കെതിരെ അന്വേഷണം നടത്താതെ പൊലീസ്. മതിയായ പരിശോധനയില്ലാതെ നിയമനം അംഗീകരിച്ചതും ശമ്പളം ഇനത്തിൽ കണ്‍‍സൾട്ടൻസിക്ക് 20ലക്ഷം രൂപ നൽകിയതും കെഎസ്ഐടിഎല്ലാണ്. സ്വപ്നയുടെ നിയമനത്തിന് വഴിവിട്ട് സഹായിച്ചുവെന്ന് സർക്കാർ കണ്ടെത്തിയ എം ശിവശങ്കറിലേക്കും അന്വേഷണം നീങ്ങിയിട്ടില്ല.

വ്യാജ ബിരുദ സർട്ടഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സുരേഷ് ഐടി വകുപ്പിന് കീഴിലെ കെഎസ്ഐടിഎല്ലിലെ സ്പേസ് പാർക്ക് പദ്ധതിയിൽ എത്തിയത്. സ്വപ്നയുടെ കണ്‍സൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെയും റിക്രൂട്ട്മെന്‍റ് നടത്തിയ വിഷൻടെക്കിനെയും പഴിചാരുമ്പോൾ കെഎസ്ഐടിഎൽ എംഡി എന്ത് പരിശോധന നടത്തിയെന്നതിൽ ഇതുവരെ അന്വേഷണം നീങ്ങിയിട്ടില്ല. വിഷൻടെക്കിന്‍റെ നടപടികൾ പൂർത്തിയായി കെഎസ്ഐടിഎൽ എംഡി ജയശങ്കർ പ്രസാദ് കൂടി അഭിമുഖം നടത്തിയാണ് സ്വപ്നയെ നിയമിച്ചത്. ജയശങ്കർ പ്രസാദിന്‍റെ റിപ്പോർട്ടിംഗ് ഓഫീസർ അന്നത്തെ ഐടി സെക്രട്ടറി എം ശിവശങ്കര്‍ ആയിരുന്നു. 

ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ സ്വപ്നക്ക് കെഎസ്ഐടിഎല്ലിൽ കരാർ നിയമനം ലഭിക്കാൻ ശിവശങ്കർ ഇടപെട്ടെന്ന് കണ്ടെത്തിയിരുന്നു. ശിവശങ്കറിന്‍റെ മേൽനോട്ടത്തിലുള്ള സ്ഥാപനത്തിൽ മാസം ഒരുലക്ഷത്തി ഏഴായിരം രൂപ ശമ്പളം ലഭിക്കുന്ന കരാർ നിയമനം നേടിയതിലും ഗൂ‌‌ഢാലോചനക്കുറ്റം നിലനിൽക്കും. എന്നാൽ കെഎസ്ഐടിഎൽ എംഡിയിലേക്കും ശിവശങ്കറിലേക്കും നീങ്ങുന്ന ഒരന്വേഷണവും കന്‍റോണ്‍മെന്‍റ് പൊലീസ് നടത്തിയിട്ടില്ല.

കെഎസ്ഐടിഎൽ എംഡി ജയശങ്കർ പ്രസാദാണ് നിലവിൽ സ്വപ്നയുടെ വ്യാജ ബിരുദ കേസിലെ പരാതിക്കാരൻ.വാദി തന്നെ പ്രതിയാകുന്ന സാഹചര്യമാണ് നിലവിൽ. എന്നാൽ സ്വപ്നക്ക് ജോലി നൽകിയ കെഎസ്ഐടിഎല്ലിലേക്കും ശിവശങ്കറിലേക്കും നീങ്ങാതെ സ്വപ്നക്കെതിരെ വ്യാജ രേഖ ചമയ്ക്കൽ മാത്രം ചുമത്തി കേസ് അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം. ഇരുപത് ലക്ഷം രൂപയാണ് സ്വപ്നയുടെ സേവനത്തിന് കെഎസ്ഐടിഎൽ കണ്‍സൾട്ടൻസിയായി പിഡബ്ള്യുസിക്ക് നൽകിയത്. വിജിലൻസ് അന്വേഷണത്തിന് കമ്മീഷണർ ശുപാർശ ചെയ്തെങ്കിലും പൊലീസ് മേധാവി ഇതിൽ തീരുമാനമെടുത്തിട്ടില്ല.