Asianet News MalayalamAsianet News Malayalam

സ്വപ്ന സുരേഷിന് വിശ്വാസ്യത വര്‍ധിച്ചു, വെറും ആരോപണങ്ങൾ അല്ലെന്ന് തെളിഞ്ഞു: വി ഡി സതീശൻ

സ്വപ്നയുടെത് വെറും ആരോപണങ്ങൾ അല്ലെന്ന് തെളിഞ്ഞു. മാധ്യമത്തിനെതിരെ നൽകിയ കത്ത് പുറത്ത് വന്നത് ഇതിന് തെളിവാണെന്നും സതീശന്‍ പറ‌ഞ്ഞു.

swapna suresh has gained credibility, proved to be more than just allegations vd satheesan
Author
Calicut, First Published Jul 22, 2022, 1:08 PM IST

കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വിശ്വാസ്യത വര്‍ധിച്ചെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സ്വപ്നയുടെത് വെറും ആരോപണങ്ങൾ അല്ലെന്ന് തെളിഞ്ഞു. മാധ്യമത്തിനെതിരെ നൽകിയ കത്ത് പുറത്ത് വന്നത് ഇതിന് തെളിവാണെന്നും സതീശന്‍ പറ‌ഞ്ഞു. 

കുറ്റാരോപിതരുമായി വ്യക്തി ബന്ധം ഉണ്ടെന്ന് ജലീൽ തന്നെ സമ്മതിച്ചു. ഇത് ഗുരുതരമായ സാഹചര്യമാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു. 

മുൻ മന്ത്രി കെ ടി ജലീലിനെതിരെ കടുത്ത ആരോപണങ്ങളും തെളിവുകളുമായി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മന്ത്രിയായിരിക്കെ വിദേശകാര്യചട്ടങ്ങൾ ലംഘിച്ച്  മാധ്യമം ദിനപ്പത്രത്തെ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് യു എ ഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്നാണ് വാട്സ് ആപ് ചാറ്റടക്കം ഉൾപ്പെടുത്തി സ്വപ്ന കോടതിയെ അറിയിച്ചിരിക്കുന്നത്. നയതന്ത്ര ചാനൽ വഴിയുളള വഴിവിട്ട ഇടപാടുകൾക്ക് സർക്കാരിന്‍റെ സംസ്ഥാന സർക്കാരിന്‍റെയും പാർടിയുടെയും സകല  പിന്തുണയും ഉണ്ടാകുമെന്ന് കോൺസൽ ജനറൽ തന്നോട് പറഞ്ഞതായും സ്വപ്ന വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരായ വെളിപ്പെടുത്തലുകൾക്കു പിന്നാലെ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചനാക്കേസിലാണ് സ്വപ്ന സുരേഷ്  ഹൈക്കോടതിയിൽ മറുപടി  സത്യവാങ്മൂലം നൽകിയിരിക്കുന്നത്. കൊവിഡ് രോഗവ്യാപനത്തെത്തുടർന്ന് യു എ ഇയിൽ മരിച്ച മലയാളികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി മാധ്യമം ദിനപ്പത്രം വിശദമായ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് യു എ ഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കിയെന്നും മാധ്യമം പത്രത്തെ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്നുമായിരുന്നു ജലീൽ തന്നോട് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് യു എ ഇ രാഷ്ട്രത്തലവന് കോൺസൽ ജനറൽ മുഖേന കത്ത് നൽകാനാണ് ജലീൽ തന്നെ സമീപിച്ചത്. ഇതുവഴി യു എ ഇ ഭരണാധികാരികൾക്കിടയിൽ മികച്ച മതിപ്പുണ്ടാക്കാനും സർക്കാരിലും  പാ‍ർടിയിലും  സ്വാധീനം ഉറപ്പിക്കാനുമായിരുന്നു  ജലീലിന്‍റെ ശ്രമം.  

ഈ കത്തിന്‍റെ ഡ്രാഫ്റ്റും ഇതുമായി ബന്ധപ്പെട്ട് കെ ടി ജലീലുമായി നടത്തിയ വാട്സ് ആപ് ചാറ്റുമാണ് സ്വപ്ന കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. കോൺസൽ ജനറലുമായി അടച്ചിട്ട മുറിയിൽ കെ ടി ജലീൽ പലവട്ടം ചർച്ച നടത്തിയിട്ടുണ്ടെന്നും നയതന്ത്ര ചാനൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിലുണ്ട്. കേരളത്തിനകത്തും പുറത്തും നിരവധി ബിസിനസ് സംരഭങ്ങൾ തുടങ്ങാൻ കെ ടി ജലീലിന് പദ്ധതിയുണ്ടെന്നും കോൺസൽ ജനറൽ തന്നോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെപ്പറ്റിയടക്കം  പരാമർശമുളള ശിവശങ്കറുമായി നടത്തിയ വാട്സ് ആപ് ചാറ്റ് അടങ്ങുന്ന  മൊബൈൽ ഫോൺ എൻ ഐ എ കസ്റ്റഡിലെടുത്തെങ്കിലും പിന്നീട് രേഖകളിൽ നിന്ന് അപ്രത്യക്ഷമായെന്നും സത്യവാങ്മൂലത്തിലുണ്ട്. എൻ ഐ എ ആണെങ്കിലും അതിൽ നിറയെ കേരളപ്പൊലീസാണന്നും  ഒന്നും ഭയക്കേണ്ടെന്നുമാണ് ശിവശങ്കർ തന്നോട് പറഞ്ഞത്.

Latest Videos
Follow Us:
Download App:
  • android
  • ios