'കേസിലെ പ്രധാന പ്രതികളിൽ ഒരാൾ എം ശിവശങ്കറാണ്. അത് കഴിഞ്ഞാലുള്ള പ്രധാനപ്രതി ഞാനാണ്, സ്വപ്ന സുരേഷ്. ശിവശങ്കറിനെ ഇങ്ങനെ കൊണ്ടുപോകുമോ? സരിത്ത് താഴേത്തട്ടിലെ പ്രതിയാണ്'
പാലക്കാട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ലൈഫ് മിഷൻ കേസിന്‍റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് നാടകീയമായി സരിത്തിനെ കസ്റ്റഡിയിലെടുത്ത വിജിലൻസിനെതിരെ പൊട്ടിത്തെറിച്ച് കേസിലെ പ്രതി സ്വപ്ന സുരേഷ്. കേസിലെ പ്രധാനപ്രതികളിലൊരാളായ എം ശിവശങ്കറിനെ ഇങ്ങനെ വിജിലൻസ് തട്ടിക്കൊണ്ട് പോകുമോ എന്ന് രോഷത്തോടെ സ്വപ്ന സുരേഷ് ചോദിക്കുന്നു.
''കേസിലെ പ്രധാന പ്രതികളിൽ ഒരാൾ എം ശിവശങ്കറാണ്. അത് കഴിഞ്ഞാലുള്ള പ്രധാനപ്രതി ഞാനാണ്, സ്വപ്ന സുരേഷ്. ശിവശങ്കറിനെ ഇങ്ങനെ കൊണ്ടുപോകുമോ? സരിത്ത് താഴേത്തട്ടിലെ പ്രതിയാണ്. ഒരു നോട്ടീസ് പോലുമില്ലാതെ സരിത്തിനെ ഇങ്ങനെ കൊണ്ടുപോകുന്നത് എന്തിനാണ്? അതും എന്‍റെ വാർത്താസമ്മേളനം കഴിഞ്ഞ് 15 മിനിറ്റ് കഴിഞ്ഞപ്പോൾത്തന്നെ? ഒരു തരത്തിലും ഇവിടെ വിജിലൻസ് വരുമെന്ന് നേരത്തേ പറഞ്ഞിരുന്നില്ല. ഇതൊരു വൃത്തികെട്ട കളിയാണ്. ദിസിസ് എ ഡേർട്ടി ഗെയിം'', സ്വപ്ന ആഞ്ഞടിക്കുന്നു.
സ്വപ്നയുടെ പ്രതികരണം കാണാം:

പൂജപ്പുര സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1- ആണ് ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനോ, അതല്ലെങ്കിൽ മൊഴിയെടുത്ത ശേഷം വിട്ടയക്കാനോ ആയിരിക്കും ഇപ്പോൾ പൊലീസിന്‍റെ നീക്കമെന്നാണ് സൂചന. സരിത്തിനെ തട്ടിക്കൊണ്ട് പോയി എന്ന പരാതിയുയർന്നതിനെത്തുടർന്ന് പ്രാദേശിക പൊലീസ് സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസെത്തി പരിശോധിച്ചു. വിജിലൻസാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെങ്കിൽ കൃത്യമായ വിവരം പ്രാദേശിക പൊലീസിന് അറിയാമായിരുന്നില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
