Asianet News MalayalamAsianet News Malayalam

'സർക്കാർ നിരന്തരം വേട്ടയാടുന്നു'; സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് പിരിച്ചു വിട്ടു

സ്വർണക്കടത്ത് കേസ് പ്രതിയായ ഒരു സ്ത്രീയെ എച്ച് ആർ ഡി എസാണ് ചെല്ലു ചെലവും നൽകി പരിപാലിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി അടക്കം നിയമസഭയിൽ ഉയർത്തിയ ആരോപണം

swapna suresh lost her job in hrds
Author
Palakkad, First Published Jul 6, 2022, 10:05 AM IST

പാലക്കാട് : സ്വപ്ന സുരേഷിനെ എച്ച് ആർ ഡി എസ് പുറത്താക്കി. സ്വപ്ന സുരേഷിന് ജോലി നൽകിയതിന്‍റെ പേരിൽ സർക്കാർ സംവിധാനങ്ങൾ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച് ആർ ഡി എസ് ആരോപിക്കുന്നു. ഓഫീസിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ആണ് സ്വപ്നയെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് എച്ച് ആർ ഡി എസ് ചീഫ് കോർഡിനേറ്റർ ജോയ് മാത്യു വിശദീകരിച്ചു. ഗൂഢാലോചന കേസിൽ എച്ച് ആർ ഡി എസ് ജീവനക്കാരുടെ മൊഴി എടുത്തിരുന്നു.

സ്വപ്നക്ക് നാല് മാസം മുമ്പ് ജോലി നൽകിയതിന്‍റെ പേരിൽ എച്ച് ആർ ഡി എസിന്‍റെ ഓഫിസിൽ പൊലീസ് , ക്രൈംബ്രാഞ്ച് , ഇന്‍റലിജൻസ് അങ്ങനെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ കയറി ഇറങ്ങുകയാണ്. ഇത് സ്ഥാപനത്തിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ പ്രതിയായ എം ശിവശങ്കറിനെ സർക്കാർ സർവീസിൽ തിരിച്ചെടുത്ത് ശമ്പളം നൽകുന്ന സ്ഥിതിക്ക് കൂട്ടു പ്രതിയായ സ്വപ്നക്ക് ജോലി നൽകുന്നതിൽ തെറ്റില്ലെന്ന് കണ്ടാണ് എച്ച് ആർ ഡി എസ് ജോലി നൽകിയതെന്ന് എച്ച് ആർ ഡി എസ് അധികൃതർ വിശദീകരിക്കുന്നു. എന്നാൽ സംഭാവനകൾ അടക്കം സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന സംഘടനക്ക് കേസിലും വിവാദങ്ങളിലും പെടാൻ താൽപര്യമില്ലാത്തതിനാലാണ് സ്വപ്നയെ പുറത്താക്കാൻ തീരുമാനിച്ചതെന്നും എച്ച് ആർ ഡി എസ് വിശദീകരിക്കുന്നു.സർക്കാർ സംവിധാനങ്ങളോട് പൊരുതി നിൽക്കാൻ ഇല്ലെന്നും അതിനുള്ള കരുത്തില്ലെന്നും എച്ച് ആർ ഡി എസ് ചീഫ് കോർഡിനേറ്റർ ജോയ് മാത്യു പറഞ്ഞു

എച്ച് ആർ ഡി എസ് ഇന്ത്യയുടെ സ്ത്രീ ശാക്തീകരണ വിഭാഗത്തിലെ സി എസ് ആർ വിഭാഗം ഡയറക്ടർ ആയി 2012 ഫെബ്രുവരി 12ന് ആണ് സ്വപ്ന സുരേഷിനെ നിയമിച്ചത്. അന്ന് മുതൽ എച്ച് ആർ ഡി എസിനെതിരെ ആരോപണം ഉയർന്നിരുന്നു. സ്വർണക്കടത്ത് കേസ് പ്രതിയായ ഒരു സ്ത്രീയെ എച്ച് ആർ ഡി എസാണ് ചെല്ലു ചെലവും നൽകി പരിപാലിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി അടക്കം നിയമസഭയിൽ ഉയർത്തിയ ആരോപണം. ഇതു കൂടി കണക്കിലെടുത്ത് വിവാദങ്ങൾ അവസാനിപ്പിക്കാനാണ് നടപടിയെന്ന് എച്ച് ആർ ഡി എസ് വ്യക്തമാക്കി

ശമ്പള ഇനത്തിൽ 43000 രൂപയും യാത്രാ ബത്തയായി 7000 രൂപയും അടക്കം 50000 രൂപയായിരുന്നു സ്വപ്നയുടെ ശമ്പളം.ഇത് എച്ച് ആർ ഡി എസിന്‍റെ സ്വന്തം ഫണ്ടിൽ നിന്നാണ് നൽകിയിരുന്നതെന്നും എച്ച് ആർ ഡി എസ് പറയുന്നു. ജോലിയിൽ നിന്ന് പുറത്താക്കിയെങ്കിലും സൌജന്യ സേവനം തുടരാൻ അനുവദിക്കണമെന്ന സ്വപ്നയുടെ അഭ്യർഥന പരിഗണിച്ച് സ്ത്രീ ശാക്തീകരണ ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. 

ഇതിനിടെ സ്വപ്ന കൊച്ചിയിലേക്ക് താമസം മാറ്റിയിരുന്നു. ജോലി നഷ്ടമാകുമെന്ന് ഉറപ്പായതിനെ തുടർന്നാകും ഈ നീക്കം ഉണ്ടായതെന്നാണ് സൂചന
 

Latest Videos
Follow Us:
Download App:
  • android
  • ios