കൊച്ചി: വിമാനത്താവള സ്വർണക്കളളക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ  അടുത്ത മാസം 8 വരെ റിമാൻഡ് ചെയ്തു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ സ്വപ്ന വിയ്യൂർ ജയിലിൽ പോകാൻ പ്രയാസമുണ്ട് എന്ന്‌ കോടതിയെ അറിയിച്ചു. തുടർന്ന് ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു.

വിമാനത്താവള കളളക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എൻഐഎ സ്വപ്നയുടെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഒരു മൊബൈൽ ഫോണിന്റെയും ലാപ് ടോപ്പിന്റെയും പരിശോധനാ ഫലം കൂടി ഇനിയും ലഭിക്കാനുണ്ട്.  ഈ ഫലങ്ങൾ ലഭിച്ച ശേഷം സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യണം.

വിദേശത്തുളള പ്രതികൾക്കായി ഇന്റോർ പോൾ വഴി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുളള നടപടി തുടരുകയാണ്. ഇതോടൊപ്പം കോൺസുലേറ്റ്  പ്രമുഖരുടെ കളളക്കടത്തിലെ  പങ്കാളിത്തം കൂടി പരിശോധിക്കുന്നതായും എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

വാട്സ് ആപ്, ടെലിഗ്രാം ചാറ്റുകളെ ആധാരമാക്കി കഴിഞ്ഞ മൂന്നുദിവസം സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ സ്വപ്നയെയും  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തിരുന്നു. സ്വപ്ന മുൻപ് പറഞ്ഞ മൊഴിയിലെ തീയതികളടക്കം പലതും ശരിയായിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.