Asianet News MalayalamAsianet News Malayalam

സ്വപ്ന സുരേഷിനെതിരായ ഭീഷണി; ആരോപണം അന്വേഷിച്ച ജയിൽ ഡി ഐ ജി ഇന്ന് റിപ്പോർട്ട് കൈമാറും

അഭിഭാഷകൻ എഴുതി തയ്യാറാക്കിയ അപേക്ഷയിൽ ഒപ്പിടുക മാത്രമേ ചെയ്തുള്ളൂ എന്നും ജയിലിൽ ഭീഷണിയില്ലന്നും സ്വപ്ന ഡി ഐ ജിക്ക് മൊഴി നൽകിയെന്നാണ് സൂചന

Swapna Suresh threatening DIG to submit inquiry report to DGP Rishiraj Singh today
Author
Thiruvananthapuram, First Published Dec 10, 2020, 6:34 AM IST

തിരുവനന്തപുരം: ഉന്നതർക്കെതിരെ മൊഴി നൽകാതിരിക്കാൻ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ ആരോപണം അന്വേഷിച്ച ജയിൽ ഡിഐജി ഇന്ന് റിപ്പോർട്ട് കൈമാറും. ജയിൽ മേധാവി ഋഷിരാജ് സിംഗിനാണ് റിപ്പോർട്ട് നൽകുന്നത്. സ്വപ്നയുടെ ആരോപണങ്ങള്‍ തള്ളുന്നതാണ് റിപ്പോർട്ടെന്നാണ് സൂചന. സ്വർണ കടത്തു കേസിൽ ഉന്നതർക്കെതിരെ രഹസ്യമൊഴി നൽകിയതിനാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്ന സുരേഷ് കോടതിയെ അറിയിച്ചത്.

മൊഴി നൽകാതിരിക്കാൻ നവംബർ 25വരെ ജയിലിലെത്തി ചില ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ തെളിയിക്കുന്നതൊന്നും ഇതുവരെ ജയിൽ വകുപ്പിൻറെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നാണ് ജയിൽ വൃത്തങ്ങളിൽ നിന്നും അറിയുന്നത്. ഒക്ടോബർ 14ന് സ്വപ്നയെ ജയിലിൽ എത്തിച്ചതു മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ ജയിൽ ഡിഐജി അജയ് കുമാർ പരിശോധിച്ചു. സന്ദർശക രജിസ്റ്ററും പരിശോധിച്ചു.

കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥരും വിജിലൻസ് ഉദ്യോഗസ്ഥരും അഞ്ച് ബന്ധുക്കളുമാണ് സ്വപ്നയെ ജയിലിൽ കണ്ടിരിക്കുന്നതെന്നാണ് ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്. ചോദ്യം ചെയ്യലും കൂടിക്കാഴ്ചയുമെല്ലാം ജയിൽ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലായിരുന്നുവെന്നാണ് സൂപ്രണ്ടിൻറെ മൊഴി. അഭിഭാഷകൻ എഴുതി തയ്യാറാക്കിയ അപേക്ഷയിൽ ഒപ്പിടുക മാത്രമേ ചെയ്തുള്ളൂ എന്നും ജയിലിൽ ഭീഷണിയില്ലന്നും സ്വപ്ന ഡി ഐ ജിക്ക് മൊഴി നൽകിയെന്നാണ് സൂചന. ഈ മൊഴി ഡിഐജി ജയിൽ മേധാവിക്ക് നൽകുന്ന റിപ്പോർട്ടിൽ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഏജൻസികള്‍ നി‍ർബന്ധിക്കുന്നുവെന്ന സ്വപ്നയുടെ ശബ്ദരേഖ ചോർന്നത്തിനെ കുറിച്ചും ജയിൽ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ശബ്ദരേഖ ചോർന്നത് ജയിലിൽ നിന്നല്ലെന്നും വിശദമായ അന്വേഷണം വേണമെന്നുള്ള ജയിൽ വകുപ്പിന്റെയും ഇഡിയുടെയും ആവശ്യം പൊലീസിന് മുന്നിലുണ്ടെങ്കിലും ഇതുവരെയും തുടർ നടപടി ഉണ്ടായിട്ടില്ല. കോടതി നിർദ്ദേശത്തെ തുടർന്ന്  സ്വപ്നക്ക് അട്ടക്കുളങ്ങര ജയിലുള്ള  സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios