കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി സന്ദീപ് നായർ. നയനതന്ത്രബാഗ് വഴി സ്വർണം കടത്തിയാൽ ഒരിക്കലും പിടിക്കപ്പെടില്ല എന്ന ബുദ്ധി പറഞ്ഞു തന്നത് സ്വപ്ന പ്രഭാ സുരേഷ് ആണെന്ന് സന്ദീപ് നായർ എൻഫോഴ്സ്മെന്‍റിന് മൊഴി നൽകി.  കോൺസുൽ ജനറലിന് ബിസിനസ്സിനും വീട് വയ്ക്കാനും പണം വേണമെന്ന് സ്വപ്ന പറഞ്ഞെന്നും സന്ദീപ് നായർ എൻഫോഴ്സ്മെന്‍റിന് വിശദമായി നൽകിയ മൊഴിയിൽ പറയുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏതെല്ലാം തരത്തിൽ ഗൂഢാലോചനകൾ നടന്നു, എങ്ങനെയെല്ലാം സ്വർണവും പണവും കടത്തിയെന്ന കാര്യങ്ങളിൽ വിശദമായ വെളിപ്പെടുത്തലാണ് സന്ദീപ് നായർ നടത്തുന്നത്.

സ്വർണം നയതന്ത്രചാനൽ വഴി കൊണ്ടുവരാം, അങ്ങനെ കൊണ്ടുവന്നാൽ പിടിക്കപ്പെടില്ല എന്ന് ഉറപ്പു നൽകുന്നത് സ്വപ്നയാണെന്നാണ് സന്ദീപ് പറയുന്നത്.  കെ ടി റമീസാണ്, കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ സ്വർണം കൊണ്ടുവരാൻ കഴിയുമോ എന്ന് ചോദിച്ച് തന്നെ സമീപിക്കുന്നത്.  അത്തരം സാധ്യത ആലോചിച്ച് താൻ ആദ്യം ബന്ധപ്പെട്ട് ഈ കേസിലെ തന്നെ പ്രതിയായ സരിത്തുമായാണ്. എന്നാൽ ഗ്രീൻ ചാനൽ വഴി സ്വർണം കൊണ്ടുവരാൻ ഒരു കാരണവശാലും കഴിയില്ല എന്ന് സരിത്ത് ഉറപ്പിച്ചുപറഞ്ഞു.  അതിന് ശേഷമാണ് സ്വപ്നയുമായി ബന്ധപ്പെടുന്നത്. സ്വപ്നയാണ്, നയതന്ത്രഉദ്യോഗസ്ഥർക്കായി നിത്യേന സാധനങ്ങൾ വരുന്നുണ്ടെന്നും, അത് വഴി സ്വർണം കൊണ്ടുവന്നാൽ പരിശോധനയുണ്ടാകില്ലെന്നും, പറഞ്ഞത്. ഇത്തരം സാധനങ്ങൾ വലിയ പരിശോധനയില്ലാതെയാണ് കൊണ്ടുവരുന്നതെന്ന് സ്വപ്ന പറഞ്ഞു.

ഇത്തരത്തിൽ സ്വർണം കടത്താമെന്ന് തീരുമാനമായപ്പോൾ, ഇതിൽ എങ്ങനെയാണ് പ്രതിഫലം നൽകേണ്ടതെന്ന ആലോചന വന്നു. കിലോയ്ക്ക് 45,000 രൂപ എന്നതായിരുന്നു റമീസ് ഓഫർ ചെയ്ത തുക. എന്നാലിത് പറ്റില്ലെന്ന് സ്വപ്ന പറഞ്ഞു. കോൺസുൽ ജനറൽ കൂടി അറിഞ്ഞുകൊണ്ടുള്ള കടത്താണിതെന്നും, അദ്ദേഹത്തിന് പണം നൽകണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. ഒരു കിലോ സ്വർണത്തിന് 1000 യുഎസ് ഡോളർ എന്നതായിരുന്നു സ്വപ്ന ആവശ്യപ്പെട്ട തുക. കോൺസുൽ ജനറലിന് ജർമനിയിൽ ബിസിനസ്സിനും ദുബായിൽ വീട് നിർമിക്കാനും പണം വേണമെന്നും സ്വപ്ന പറഞ്ഞിരുന്നു. കോൺസുൽ ഡിസംബറിൽ നാട്ടിലേക്ക് മടങ്ങുമെന്നും, സ്വപ്ന പറഞ്ഞുവെന്നും സന്ദീപിന്‍റെ മൊഴിയിലുണ്ട്. 

രണ്ട് തവണ സ്വർണക്കടത്തിന് ട്രയൽ നടത്തിയിട്ടുണ്ടെന്ന് സന്ദീപ് മൊഴി നൽകുന്നു. കുറഞ്ഞത് പത്ത് കിലോ ഓരോ തവണയും അയക്കാൻ സ്വപ്ന നിർദേശിച്ചു - സന്ദീപ് പറയുന്നു.

'എയർ ഇന്ത്യ സാറ്റ്സ് കേസ് ശിവശങ്കർ അറിഞ്ഞിരുന്നു'

സ്വപ്ന സുരേഷിനെതിരായി എയർ ഇന്ത്യ സാറ്റ്സുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസുള്ളതായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സന്ദീപ് നായരുടെ മൊഴി. എയർ ഇന്ത്യാ സാറ്റ്‍സിലെ ഒരു ഉദ്യോഗസ്ഥനെതിരെ വ്യാജപരാതി നൽകിയെന്ന് ആരോപിച്ചുള്ള കേസ് അറിഞ്ഞുകൊണ്ടാണ് എം ശിവശങ്കർ സ്പേസ് പാർക്കിൽ സ്വപ്നാ സുരേഷിന് നിയമനം നൽകിയതെന്നും സന്ദീപ് നായർ വ്യക്തമാക്കുന്നു.

കമ്മീഷൻ വാഗ്ദാനം ചെയ്തത് യൂണിടാക്

വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി യുഎഇ റെഡ് ക്രസന്‍റിന്‍റെ സഹായത്തോടെ നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിർമാണക്കരാർ കിട്ടിയ യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ ഇങ്ങോട്ട് കമ്മീഷൻ ഓഫർ ചെയ്തതാണെന്ന് സന്ദീപിന്‍റെ മൊഴി. അഞ്ച് ശതമാനം കമ്മീഷൻ തരാമെന്ന് ഇങ്ങോട്ട് ഓഫർ ചെയ്യുകയായിരുന്നു സന്തോഷ് ഈപ്പൻ. ഈപ്പനൊപ്പം താൻ യുഎഇ കോൺസുൽ ജനറലിനെ നേരിട്ട് കണ്ടിട്ടുണ്ട്. 45 ലക്ഷം രൂപ മൂന്ന് തവണയായി തനിക്ക് സന്തോഷ് ഈപ്പൻ തന്നെന്നും സന്ദീപ് നായർ പറയുന്നു.