കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നൽകണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം
തിരുവനന്തപുരം: വേതന വര്‍ദ്ധന ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ്വിഗ്ഗി ഡെലിവറി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തി. ജോലി ബഹിഷ്കരിച്ചായിരുന്നു സമരം. കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നൽകണം, പാര്‍ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക തുടങ്ങിയ 30 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങളിൽ തീരുമാനം ആയില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങാനാണ് ജീവനക്കാരുടെ തീരുമാനം.
നിലവിൽ ഒരു ഓർഡറിന് അഞ്ച് കിലോമീറ്ററിന് 25 രൂപയാണ് ഡെലിവറി പാർട്ണർമാർക്ക് സ്വിഗി നൽകുന്നത്. ഇത് നാലര വർഷം മുൻപ് നിശ്ചയിച്ച നിരക്കാണ്. എന്നാൽ ഇന്ധന വില കുതിച്ചുയർന്ന ഘട്ടത്തിലൊന്നും നിരക്ക് വർധിപ്പിച്ചിരുന്നില്ല. ഇനി ഇതേ നിരക്കിൽ ഡെലിവറി നടത്തുന്നത് ലാഭകരമല്ലെന്ന് ഡെലിവറി പാർട്ണർമാർ പറയുന്നു.
തങ്ങൾക്ക് നൽകുന്ന പ്രതിഫലത്തിന്റെ നിരക്ക് വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കമ്പനി അധികൃതർക്ക് ഡെലിവറി പാർട്ണർമാർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിന് മറുപടിയൊന്നും കിട്ടാതെ വന്നതോടെയാണ് സൂചനാ പണിമുടക്കിലേക്ക് കടന്നതെന്നാണ് സമരക്കാർ പറയുന്നത്. ഡെലിവറിക്ക് രണ്ട് കിലോമീറ്ററിന് 25 രൂപ എന്നതടക്കം 30 ഓളം ആവശ്യങ്ങളാണ് നോട്ടീസിൽ ഉന്നയിച്ചിരിക്കുന്നത്.
കമ്പനി പുതുതായി അവതരിപ്പിച്ച സ്ലോട്ട് സമ്പ്രദായത്തിനെതിരെയും ഡെലിവറി പാർട്ണർമാർ വിമർശനം ഉന്നയിക്കുന്നുണ്ട്. നേരത്തെ ഒൻപതര മണിക്കൂർ ജോലി ചെയ്താൽ മതിയായിരുന്നുവെന്നും എന്നാൽ ഇപ്പോഴിത് 16 മണിക്കൂറായെന്നും ഇവർ കുറ്റപ്പെടുത്തുന്നു. രാവിലെ ഏഴ് മണിക്ക് ജോലിക്ക് പ്രവേശിക്കുന്ന ഡെലിവറി പങ്കാളിക്ക് പുതിയ രീതിയിൽ രാത്രി ഡിന്നർ സമയം കൂടി കഴിഞ്ഞാൽ മാത്രമേ ഒരു ദിവസത്തെ ജോലി അവസാനിപ്പിക്കാനാവൂ എന്നാണ് ഇവരുടെ പരാതി.
മെഡിക്കൽ വിദ്യാർത്ഥികളും നിയമ വിദ്യാർത്ഥികളും മറ്റ് ജോലികൾ ചെയ്ത് അധിക വരുമാനത്തിനായി പാർട് ടൈമായി ഡെലിവറി പാർട്ണർമാരായി ജോലി ചെയ്യുന്നവരും ധാരാളമുണ്ട്. എന്നാൽ പുതിയ സ്ലോട് ബുക്കിങ് രീതിയിൽ ഡെലിവറി പാർട്ണർമാർ തൊട്ടടുത്ത ദിവസം ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സമയം മുൻകൂട്ടി ബുക്ക് ചെയ്യണം. എന്നാൽ ഇത് ഡെലിവറി പാർട്ണർമാർക്ക് ബുദ്ധിമുട്ടാണെന്നും സമരക്കാർ പരാതിപ്പെടുന്നു.
