ദൈനംദിന കാര്യങ്ങള്‍ക്ക് സഹായത്തിനാണ് ഉപസമിതിയെന്നാണ് വിശദീകരണം. എന്നാല്‍ താത്കാലിക നിയമനം ഗവര്‍ണര്‍ തടഞ്ഞതിനെ നേരിടാനാണ് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ തീരുമാനം.

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല വിസിയെ നിയന്ത്രിക്കാൻ നാലംഗ ഉപസമിതിയെ വെച്ച് സിന്‍റിക്കറ്റ് യോഗം. പി കെ ബിജുവിന്‍റെ നേതൃത്വത്തിലുള്ള സമിതിയെയാണ് ഇന്ന് ചേർന്ന സിന്‍റിക്കറ്റ് യോഗം നിയോഗിച്ചത്. ദൈനംദിന കാര്യങ്ങളിൽ സഹായത്തിനാണ് സമിതി എന്ന് പറയുമ്പോഴും സർക്കാരും സിന്‍റിക്കേറ്റും എതിർക്കുന്ന വിസി സിസ തോമസിനെ നിയന്ത്രിക്കുക തന്നെയാണ് ലക്ഷ്യം. സിന്‍റിക്കേറ്റ് യോഗത്തിൽ വിസിയും സിന്‍റിക്കേറ്റ് അംഗങ്ങളും തമ്മിലുണ്ടായത് രൂക്ഷമായ തർക്കമാണ്. 

YouTube video player

ഗവർണറും വിസിയും എതിർത്ത താൽക്കാലിക നിയമനത്തിനുള്ള വിജ്ഞാപനത്തെ സിന്‍റിക്കേറ്റ് അംഗങ്ങൾ ന്യായീകരിച്ചു. മുൻ വിസിയുടെ അനുമതി വിജ്ഞാപനത്തിന് ഉണ്ടെന്നായിരുന്നു വിശദീകരണം. നിർബന്ധമാണെങ്കിൽ കെടിയുവിലെ മുഴുവൻ താൽക്കാലിക ജീവനക്കാരെയും ഇന്ന് തന്നെ പിരിച്ചുവിടണമെന്ന് സിന്‍റിക്കറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. സർവ്വകലാശാല പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ അത് വേണ്ടെന്ന് ഒടുവിൽ വിസി പറഞ്ഞു. താൽക്കാലിക നിയമനത്തെ കുറിച്ച് പഠിക്കാൻ സർക്കാർ ഏജൻസിയായ സിഎംഡിയെ യോഗം ചുമതലപ്പെടുത്തി.