സർവകലാശാലയിലെ ഏതൊരു വസ്തുവിന്‍റെയും നിയന്ത്രണാധികാരം സിൻഡിക്കേറ്റിനാണെന്ന് ചട്ടങ്ങൾ നിരത്തി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കി.

തിരുവനന്തപുരം: കേരള സർവകലാശാലയിൽ റജിസ്ട്രാർ കെഎസ് അനിൽ കുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടയാൻ വിസിക്ക് അധികാരമില്ലെന്ന് സിൻഡിക്കേറ്റ്. സർവകലാശാലയിലെ ഏതൊരു വസ്തുവിന്‍റെയും നിയന്ത്രണാധികാരം സിൻഡിക്കേറ്റിനാണെന്ന് ചട്ടങ്ങൾ നിരത്തി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കി.

സസ്പെൻഡ് ചെയ്ത റജിസ്ട്രാർ അനിൽ കുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടയാനും താക്കോൽ, താത്കാലിക ചുമതല വഹിക്കുന്ന മിനി കാപ്പനെ ഏൽപ്പിക്കാനും വിസി മോഹനൻ കുന്നുമ്മൽ ഇന്നലെ നിർദേശം നൽകിയിരുന്നു. റജിസ്ട്രാർ ഓഫീസിൽ പ്രവേശിക്കുന്നത് തടയണമെന്നത് ഉൾപ്പെടെ വിസിയുടെ മുൻ നിർദേശങ്ങളോടും ഉദ്യോഗസ്ഥർ മുഖം തിരിച്ചതിനാൽ, ഈ ഉത്തരവും നടപ്പാകാനിടയില്ല. ഇന്ന് ഔദ്യോഗിക വാഹനത്തിൽ തന്നെ അനിൽ കുമാർ സർവകലാശാലയിൽ എത്തിയേക്കും. അതിനിടെ കേരള സർവകലാശാലയിലെ അക്രമ സമര പ്രതിഷേധങ്ങൾക്കെതിരെ ബിജെപി സിൻഡിക്കേറ്റ് അംഗം പിഎസ് ഗോപകുമാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കും.