Asianet News MalayalamAsianet News Malayalam

മാർപാപ്പയുടെ തീരുമാനം നടപ്പാക്കണം; ഏകീകൃത കുർബാന എല്ലാ പള്ളികളിലും നിർബന്ധമെന്ന് സിനഡ്

എറണാകുളം- അങ്കമാലി അതിരൂപതയിലെ മുഴുവൻ പളളികളിലും ഏകീകൃത കുർബാന വേണമെന്നാണ് സിനഡ് നിർദ്ദേശിച്ചിരിക്കുന്നത്. 

Synod suggested  unified Mass is mandatory in all churches syro malabar sabha  sts
Author
First Published Jan 15, 2024, 11:35 AM IST


കൊച്ചി: സിറോ മലബാർ സഭയുടെ മുഴുവൻ പളളികളിലും ഏകൃകൃത കുർബാന അർപ്പിക്കണമെന്ന് നിർദേശം. ഇതുസംബന്ധിച്ച സർക്കുലർ അടുത്ത ‌ഞായറാഴ്ച പളളികളിൽ വായിക്കും. മാർപ്പാപ്പയുടെ നിർദേശം നിർബന്ധമായും നടപ്പാക്കണമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപതയോടടക്കം സർക്കുലർ ആവശ്യപ്പെട്ടിരിക്കുന്നത്. മേജർ ആ‌ർച്ച് ബിഷപ്പായി റാഫേൽ തട്ടിൽ ചുമതലയേറ്റശേഷം ചേർന്ന സിനഡ് യോഗത്തിന്‍റേതാണ് തീരുമാനം.

എന്താണ് നിലവിലെ കുർബാന ഏകീകരണ തർക്കം?

1999 ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബാനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.

നേരത്തെ കുർബാന തർക്കത്തിൽ സമവായത്തിന് വഴിതുറന്ന് എറണാകുളം  അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം മുന്നോട്ട് വന്നിരുന്നു. ക്രിസ്തുമസ് ദിനത്തിൽ അതിരൂപതയിലെ എല്ലാ പളളികളും ഒരു കുർബാന സിനഡ് നിർദേശിച്ച രീതിയിലാക്കാമെന്നായിരുന്നു സമവായത്തിനായി എറണാകുളം – അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം മുന്നോട്ട് വച്ച നിർദ്ദേശം. രണ്ട് വ‌ർഷമായി അടച്ചിട്ട എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി തുറന്ന് ആരാധന നടത്താനായിരുന്നു സമവായ നിർദ്ദേശം. എന്നാൽ ഏകീകൃത കുർബാന അർപ്പിക്കാനുള്ള സമാധാന അന്തരീക്ഷം ഉണ്ടാകും വരെ പള്ളി അടഞ്ഞുതന്നെ കിടക്കുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിൽ വിശദമാക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios