കൊച്ചി: സിറോ മലബാർ സഭ സിനഡിന്‍റെ തീരുമാനങ്ങളടങ്ങിയ സർക്കുല‍ർ ഇന്ന് സഭയിലെ എല്ലാ പള്ളികളിലും വായിക്കും. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം, വ്യാജരേഖാ കേസ്, വിവിധ സംഘടനകളുടെയും വൈദികരുടെ അച്ചടക്ക ലംഘനം തുടങ്ങിയ വിഷയങ്ങളിൽ സിനഡിന്‍റെ നിലപാട് വ്യക്തമാക്കുന്ന സ‍ർക്കുലർ സഭയിലെ എല്ലാ ഇടവകകളിലും വായിക്കണമെന്ന് സിനഡ് നിർദ്ദേശിച്ചിരുന്നു. 

എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പാപ്പൊലീത്തൻ വികാരിയായി നിയമിതനായ ആർച്ച് ബിഷപ്പ് മാർ ആന്‍റണി കരിയിൽ ഇന്ന് വിശ്വാസികളെ കാണും. എറണാകുളം സെന്‍റ് മേരീസ്‌ ബസിലിക്ക പള്ളിയിൽ രാവിലെ എട്ട് മണിക്ക് ആർച്ച് ബിഷപ്പ് മാർ ആന്‍റണി കരിയിൽ കുർബാന അർപ്പിക്കും. മെത്രാപ്പോലീത്തൻ വികാരിയായി നിയമിതനായ ആര്‍ച്ച് ബിഷപ്പ് മാർ ആന്‍റണി കരിയിലിന്‍റെ സ്ഥാനമേൽക്കൽ ചടങ്ങ് ഈ മാസം ഏഴിന് എറണാകുളം ബസിലിക്ക പള്ളിയിൽ നടക്കും.