കൊച്ചി: സിറോ മലബാർ സഭാ സിനഡിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. കാക്കാനാട് മൗണ്ട് സെന്‍റ് തോമസിലാണ് യോഗം. 15 വരെ സമ്മേളനം നീണ്ട് നിൽക്കും. 58 മെത്രാന്മാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. പുതിയ രൂപതാ പ്രഖ്യാപനങ്ങൾ, മെത്രാൻ നിയമനം എന്നിവ സമ്മേളനം ചർച്ച ചെയ്യും. എറണാകുളം അതിരൂപതയിലെ ഭൂമിയിടപാടിൽ സംഭവിച്ച സാമ്പത്തിക നഷ്ടം നികത്താൻ സിനഡ് ഇടപെടണമെന്നാവശ്യപ്പെട്ട് വൈദിക - അല്‍മായ കൂട്ടായ്മ കത്ത് നൽകിയിരുന്നു. 

ആരാധനക്രമ വിവാദവും സിനഡിൽ ചർച്ചയായേക്കും. ആരാധനക്രമ ഏകീകരണ ചർച്ചകളെ തള്ളി എറണകുളം അതിരൂപതയിലെ വൈദിക - അൽമായ കൂട്ടായ്മ പരസ്യമായി രംഗത്തുവന്നിരുന്നു. ആരാധനക്രമത്തിലെ മാറ്റം  സിനഡിൽ ചർച്ചയ്ക്ക് കൊണ്ട് വരുന്നത് എറണാകുളം അങ്കമാലി അതിരൂപതയിലെ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നാണ് അല്‍മായ മുന്നേറ്റം ആരോപിക്കുന്നത്. ആരാധന ക്രമത്തിൽ മാറ്റം വരുത്തുന്നത് അംഗീകരിക്കില്ലെന്നും അതിരൂപതയിലെ വൈദികരും അൽമായരും വ്യക്തമാക്കിയിട്ടുണ്ട്.