Asianet News MalayalamAsianet News Malayalam

'ലവ് ജിഹാദില്‍ അന്വേഷണം ആവശ്യം, ഇസ്ലാമിനെതിരായി ചിത്രീകരിക്കരുത്': സീറോ മലബാര്‍ സഭ

മത സൗഹാദര്‍ദ്ദത്തെ തകര്‍ക്കുന്ന പ്രശ്നമായി ലൗ ജിഹാദിനെ സഭ കാണുന്നില്ല. ഇക്കാര്യത്തിൽ കാര്യക്ഷമമായ പൊലീസ് അന്വേഷണം വേണമെന്നും സിറോ മലബാര്‍ സഭ

Syro-Malabar Church assure that love jihad is there
Author
Kochi, First Published Feb 4, 2020, 7:29 PM IST

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് വീണ്ടും ആവര്‍ത്തിച്ച് സിറോ മലബാര്‍ സഭ. വിവിധ രൂപതകളില്‍ നിന്നുള്ള പരാതി പരിശോധിച്ചാണ് നിലപാടെന്നാണ് സഭയുടെ വിശദീകരണം. കേരളത്തിൽ ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് നിലപാടില്‍ മാറ്റമില്ലെന്ന് സഭ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്. "ലൗ ജിഹാദ് പരാതികളെ ഇസ്ലാം മതത്തിനെതിരായ നിലപാടായി ചിത്രീകരിക്കരുത്. മത സൗഹാദര്‍ദ്ദത്തെ തകര്‍ക്കുന്ന പ്രശ്നമായി ലൗ ജിഹാദിനെ സഭ കാണുന്നില്ല. സമൂഹത്തെയും കുടുംബത്തെയും പ്രതികൂലമായി ബാധിക്കുന്ന വിഷയമാണിത്". ഇക്കാര്യത്തിൽ കാര്യക്ഷമമായ പൊലീസ് അന്വേഷണം വേണമെന്നുമാണ് സിറോ മലബാർ സഭയുടെ ആവശ്യം. 

കേരളത്തിൽ ലൗ ജിഹാദില്ലെന്ന് കേരള സംസ്ഥാന സർക്കാരും ഹൈക്കോടതിയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ സിറോ മലബാർ സഭ ലൗ ജിഹാദ് ഉണ്ടെന്ന് നിലപാടെടുത്തതോടെയാണ് ഇത് വീണ്ടും ഉയർന്നുവന്നത്.  എന്നാല്‍ കേരളത്തിൽ ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലോക്സഭയിൽ ബെന്നി ബഹന്നാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഹമന്ത്രി ജി കിഷൻ റെഡ്ഡിയാണ് അറിയിച്ചത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എംപി ചോദ്യം ഉന്നയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ രേഖകളിലും അന്വേഷണത്തിലും കേരളത്തിൽ ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് വിശദീകരണം.

കേരളത്തിൽ രണ്ട് മത വിഭാഗക്കാർ തമ്മിൽ വിവാഹം നടന്നിട്ടുണ്ടെന്നും എന്നാൽ എൻഐഐ അടക്കം അന്വേഷിച്ചിട്ടും ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് സര്‍ക്കാരിന്‍റെ നിലപാടും കാരണമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലവ് ജിഹാദ് പോലെയുള്ള സംഭവങ്ങള്‍ നിയമപരമായി നേരിടാന്‍ കഴിയില്ലെന്ന് മനസിലായിട്ടുള്ള കാര്യമാണ്. രാഷ്ട്രീയ രംഗത്തുള്ളവരുടെ നിലപാടുകൊണ്ടാണ് അതിനുള്ള വ്യവസ്ഥകള്‍ സൃഷ്ടിക്കാന്‍ സാധിക്കാത്തത്. എന്നാല്‍ അനുഭവതലത്തില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios