കൊച്ചി: സിറോ മലബാർ സഭയുടെ സിനഡ് കൊച്ചിയിൽ പുരോഗമിക്കുന്നു. വിവാദ ഭൂമി ഇടപാട് അടക്കം
വിമതർ ഉന്നയിച്ച വിഷയങ്ങളിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടായേക്കും. അതേസമയം, സിനഡ് നടക്കുന്ന സിറോ മലബാർ സഭാ ആസ്ഥാനത്തിന് മുന്നിൽ വിമത വിഭാഗത്തിന്‍റെ പ്രാർത്ഥനാ യജ്ഞവും ഇന്ന് നടക്കും.

വിമത വിഭാഗം അൽമായ കൂട്ടായ്മയാണ് പ്രാ‍ർത്ഥനാ യജ്ഞം നടത്തുന്നത്. വ്യാജരേഖാ കേസ് അടക്കം പിൻവലിക്കണം എന്നാവശ്യപ്പെട്ടായിരിക്കും പ്രാർത്ഥനാ യജ്ഞം നടത്തുക. നേരത്തെ സഭാ ആസ്ഥാനത്തിന് മുന്നിൽ കുടിൽ കെട്ടി സമരം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും മെത്രാന്മാരുടെ അഭ്യർത്ഥന മാനിച്ച് പ്രാർത്ഥനാ യജ്ഞം ആക്കി മാറ്റുകയായിരുന്നു.

വിമത വിഭാഗം ഉന്നയിച്ച കാര്യങ്ങളിൽ സിനഡിൽ രണ്ടു ദിവസത്തിനകം നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ വിവാദ ഭൂമി ഇടപാട് കേസില്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് കര്‍ദ്ദിനാള്‍ അനുകൂലികള്‍ ഇന്ന് ദില്ലിയില്‍ പ്രകടനം നടത്തുന്നുണ്ട്. ഫരീദാബാദില്‍ വൈകീട്ട് മൂന്ന് മണിക്കാണ് പ്രകടനം.