Asianet News MalayalamAsianet News Malayalam

വിമതവൈദികർക്കെതിരെ നടപടി വരുമോ? സിറോ മലബാർ സഭ സ്ഥിരം സിനഡ് നാളെ

അർധരാത്രി സഭാ ആസ്ഥാനത്ത് എത്തി സ്ഥാനമേറ്റെടുത്ത കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നടപടി പരിഹാസ്യമാണെന്നും അദ്ദേഹം അഗ്നി ശുദ്ധി വരുത്തി മാത്രമേ സ്ഥാനമേറ്റെടുക്കാവൂ എന്നും വിമത വൈദികർ ആവശ്യപ്പെട്ടിരുന്നു. 

syro malabar church synod tomorrow
Author
Kochi, First Published Jul 4, 2019, 3:37 PM IST

കൊച്ചി: കർദിനാൾ മാ‍ർ ജോർജ് ആലഞ്ചേരിക്കതിരെ വിമത വൈദികർ പരസ്യപ്രതിഷേധം ഉന്നയിച്ച സാഹചര്യത്തിൽ സിറോ മലബാർ സഭയുടെ സ്ഥിരം സിനഡ് നാളെ ചേരും. കർദിനാളിനെതിരെ പരസ്യമായി പ്രസ്താവനയിറക്കിയതിനും യോഗം ചേർന്നതിനും വിമത വൈദികർക്കെതിരെ എടുക്കേണ്ട നടപടിയും യോഗത്തിൽ ചർച്ചയാകും.

സഭാ ഭൂമിയിടപാടിൽ സ്ഥാനഭ്രഷ്ടനായ ശേഷം, കർദിനാൾ ആലഞ്ചേരിക്ക് വത്തിക്കാൻ വീണ്ടും എറണാകുളം - അങ്കമാലി അതിരൂപതയുടെ ചുമതല നൽകിയിരുന്നു. ആലഞ്ചേരി സ്ഥാനമൊഴിഞ്ഞപ്പോൾ, താൽക്കാലിക ഭരണച്ചുമതല വഹിച്ചിരുന്ന മുൻ അപ്പോസ്‍തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് യോഗത്തിൽ പങ്കെടുക്കില്ല. ബിഷപ്പ് മനത്തോടത്ത് ഇപ്പോൾ റോമിലാണുള്ളത്. മനത്തോടത്തിനെ മാറ്റി നിർത്തിയാൽ തലശ്ശേരി, തൃശ്ശൂർ, കോട്ടയം, എറണാകുളം - അങ്കമാലി അതിരൂപതകളുടെ അധ്യക്ഷൻമാരാണ് നാളത്തെ സ്ഥിരം സിനഡിൽ പങ്കെടുക്കുക. 

നാളത്തെ സിനഡിന്‍റെ അധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി തന്നെയാകും. ഏതാണ്ട് ഇരുന്നൂറിലേറെ വൈദികരാണ് സ്വന്തം അതിരൂപതയുടെ മേജർ ആർച്ച് ബിഷപ്പായ ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സഭാചരിത്രത്തിൽത്തന്നെ ആദ്യമാണ് ഇത്തരമൊരു പ്രതിഷേധം. ഇത് കടുത്ത അച്ചടക്കലംഘനമായിട്ടാണ് സഭാ നേതൃത്വം വിലയിരുത്തുന്നത്. 

വത്തിക്കാന്‍റെ തീരുമാനത്തെ എതിർക്കുന്നതായിരുന്നു ഈ വൈദികരുടെ പ്രതിഷേധയോഗമെന്നാണ് സഭാ നേതൃത്വം വിലയിരുത്തുന്നത്. ഇവർക്കെതിരെ കടുത്ത നടപടി വേണമെന്ന ഉറച്ച നിലപാടിലാണ് സഭാ നേതൃത്വം. അതിനാലാണ് നടപടി ചർച്ച ചെയ്യാൻ സ്ഥിരം സിനഡ് വിളിച്ചിരിക്കുന്നത്. 

വിമതപക്ഷം വിപുലീകരിച്ച ഒരു സംഘം വൈദികരുടെ പട്ടികയും വിശദാംശങ്ങളും സഭാ നേതൃത്വം സിനഡിന് കൈമാറും. ഇവർക്കെതിരെ നടപടി വേണമെന്നാണ് സഭാ നേതൃത്വത്തിന്‍റെ ആവശ്യം. അവരെ സഭാ പ്രവർത്തനങ്ങളിൽ നിന്ന് വിലക്കണമെന്നതാകും സിനഡിന് മുന്നിലുള്ള പ്രധാന ആവശ്യം. നേരത്തേയും കർദിനാളിന് പിന്തുണ പ്രഖ്യാപിച്ച സിനഡ് അദ്ദേഹത്തിന് അനുകൂലമായ ഒരു തീരുമാനം തന്നെ എടുത്തേക്കും എന്ന സൂചനകളാണ് വരുന്നത്. വിമതപക്ഷമാകട്ടെ, ഇത്തരത്തിൽ നടപടിയുമായി മുന്നോട്ടുപോയാൽ തെരുവിലാകും സഭാ നേതൃത്വത്തിനെതിരെ പ്രക്ഷോഭം നടത്തുക എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്താകും നാളെ സിനഡ് സ്വീകരിക്കുന്ന നടപടികൾ എന്നത് സഭയുടെ മുന്നോട്ടുപോക്കിനെത്തന്നെ ബാധിക്കുന്ന തരത്തിൽ നിർണായകമായേക്കും. 

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഭൂമി ഇടപാട് ആരോപണത്തെ തുടർന്ന് ഭരണച്ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പൂർണ ഭരണ ചുമതലയിലേക്ക് വത്തിക്കാൻ തിരിച്ചുകൊണ്ടുവന്നിരുന്നു. സഹായമെത്രാൻമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻ വീട്ടിൽ എന്നിവരെ തൽസ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തു. സഭയെ പിടിച്ചുലച്ച വിവാദ ഭൂമി ഇടപാട് അന്വേഷിക്കാൻ മാർപ്പാപ്പ  നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷൻ കണ്ടെത്തലുകളും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ടും പരിഗണിച്ചായിരുന്നു വത്തിക്കാന്‍റെ നിർണായക നീക്കം.

എന്നാൽ ഇതിനെതിരെ സഭയിലെ ഇരുന്നൂറോളം വരുന്ന വൈദികർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വത്തിക്കാന്‍റെ തീരുമാനം വന്നയുടൻ രാത്രി എത്തി സഭയുടെ ചുമതല തിരികെ ഏറ്റെടുത്ത കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നടപടി പരിഹാസ്യമാണെന്ന് വിമത വൈദികർ ആരോപിച്ചു. അഗ്നിശുദ്ധി വരുത്താതെ അദ്ദേഹം ചുമതല ഏറ്റെടുക്കരുതായിരുന്നുവെന്നും വത്തിക്കാന്‍റേത് പ്രതികാര നടപടിയാണെന്നും വൈദികർ ആരോപിച്ചു. ഭൂമി ഇടപാടിൽ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോ‍ർട്ടും അതിൽ വത്തിക്കാൻ സ്വീകരിച്ച നടപടികളും അൽമായരെയും വൈദികരെയും ബോധ്യപ്പെടുത്തണമെന്നും വിമത വൈദികർ ആവശ്യപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios