Asianet News MalayalamAsianet News Malayalam

കർദിനാളിനെതിരെ പള്ളികളിൽ സർക്കുലർ വായിച്ചത് നിർഭാഗ്യകരം: സിറോ മലബാർ സഭ മീഡിയ കമ്മീഷൻ

ആലഞ്ചേരി വാക്ക് പാലിച്ചില്ല എന്ന സർക്കുലർ അടിസ്ഥാന രഹിതമാണെന്നും നിയമപരമായി വ്യക്തത ഉണ്ടാക്കേണ്ട വിഷയം കുർബാനയിലേക്ക്  വലിച്ചിഴക്കുന്നത് ശരിയല്ലെന്നുമാണ് മീഡിയ കമ്മീഷന്‍റെ നിലപാട്. രേഖ സത്യമാണെന്നു ബോധ്യമുള്ളവർ തെളിവ് പോലീസിന് കൈമാറുകയാണ് വേണ്ടതെന്നും സഭ മീഡിയ കമ്മീഷൻ ഭാരവാഹികൾ പറഞ്ഞു.

syro malabar media commission condemns church circular against cardinal mar george alencherry
Author
Kochi, First Published May 27, 2019, 7:10 PM IST

കൊച്ചി: വ്യാജരേഖാ കേസിൽ കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്കെതിരായ എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറലിന്‍റെ സർക്കുലർ പള്ളികളിൽ വായിച്ചത് നിർഭാഗ്യകരമെന്ന്  സിറോ മലബാർ സഭ മീഡിയ കമ്മീഷൻ. കർദിനാളിനെതിരെ തയ്യാറാക്കിയത് വ്യാജ രേഖ തന്നെയെന്ന് അന്വേഷണ സംഘം അത് വ്യക്തമാക്കിയതാണെന്നും രേഖ സത്യമാണെന്നു ബോധ്യമുള്ളവർ തെളിവ് പോലീസിന് കൈമാറുകയാണ് വേണ്ടതെന്നും സഭ മീഡിയ കമ്മീഷൻ ഭാരവാഹികൾ പറഞ്ഞു.

ആലഞ്ചേരി വാക്ക് പാലിച്ചില്ല എന്ന സർക്കുലർ അടിസ്ഥാന രഹിതമാണെന്നും നിയമപരമായി വ്യക്തത ഉണ്ടാക്കേണ്ട വിഷയം കുർബാനയിലേക്ക്  വലിച്ചിഴക്കുന്നത് ശരിയല്ലെന്നുമാണ് മീഡിയ കമ്മീഷന്‍റെ നിലപാട്. പ്രതിസ്ഥാനത്ത്  നിന്നും ബിഷപ് ജേക്കബ് മാനത്തോടത്തിനെയും ഫാദർ പോൾ തേലക്കാടിനെയും നീക്കേണ്ടത് പൊലീസ് ആണെന്നും മീഡിയ കമ്മീഷൻ പറയുന്നു.

വ്യാജരേഖക്കേസിൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭിന്നത വെളിവാക്കുന്നതാണ് സർക്കുലർ. വൈദികരാരും വ്യാജരേഖ രേഖ ചമയ്ക്കാൻ ഗൂഡാലോചന നടത്തിയിട്ടില്ലെന്നും, മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സർക്കുലറിലുണ്ട്. അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാ.പോള്‍ തേലക്കാട്ടിനെയും പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കാത്തതാണ് ഇത്തരമൊരു സർക്കുലർ ഇറക്കാൻ കാരണം.

അതേസമയം സർക്കുലറിനെതിരെ കഴിഞ്ഞ ദിവസം ഒരു വിഭാഗം വിശ്വാസികളും പ്രതിഷേധിച്ചിരുന്നു. മലയാറ്റൂർ സെന്‍റ് തോമസ് പള്ളിയ്ക്ക് മുന്നിൽ ഒരു വിഭാഗം വിശ്വാസികൾ ഇടയ ലേഖനം കത്തിക്കുകയും ചെയ്തു. കർദ്ദിനാളിനെതിരെ വ്യാജരേഖ ഉണ്ടാക്കിയവരെ ഇടയലേഖനത്തിലൂടെ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ലേഖനം കത്തിച്ചത്. ഫാദർ ആന്‍റണി കല്ലൂക്കാരനേയും കേസിൽ അറസ്റ്റിലായ ആദിത്യനെയും ഇടയലേഖനത്തിൽ അനുകൂലിക്കുന്നുവെന്നാണ് വിശ്വാസികളുടെ ആരോപണം. 

Follow Us:
Download App:
  • android
  • ios