കൊച്ചി: ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട് യാക്കോബായ – ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സർക്കാർ തയ്യാറാക്കിയ ക്രിസ്ത്യൻ സെമിത്തേരി ബില്ലിനെതിരെ സിറോ മലബാർ സഭ. ഇപ്പോൾ രൂപം നൽകിയിരിക്കുന്ന ബിൽ അവ്യക്തവും കൃത്യതയില്ലാത്തുമാണെന്ന് ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ആരോപിച്ചു.  

മതങ്ങൾക്ക് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടാൻ ഇടയാക്കുന്നതാണ് പുതിയ ബില്ലെന്നും അതിനാൽ ഇത് കൂടുതൽ സങ്കീർണമായ നിയമ പ്രശ്നങ്ങളിലേക്ക് പോകാൻ കാരണാകുമെന്നും സഭ ചൂണ്ടിക്കാണിക്കുന്നു. എല്ലാ ക്രിസ്ത്യൻ സഭകളുടെയും നിലവിലുള്ള സംവിധാനങ്ങളെ കണക്കിലെടുക്കുന്നതും എല്ലാവർക്കും സ്വീകാര്യവുമായിരിക്കണം പുതിയ ബില്ലെന്നും സഭ ആവശ്യപ്പെട്ടു. 

യാക്കോബായ വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ബിൽ ഉപകരിക്കുമെങ്കിലും നൂറ്റാണ്ടുകളായി പ്രവർത്തിക്കുന്ന സെമിത്തേരികളെയും മൃതസംസ്കാര ശുശ്രൂഷകളെയും ദീർഘകാലാടിസ്ഥാനത്തിൽ ബിൽ ദോഷകരമായ ബാധിക്കുമെന്നാണ് വാദം. അതിനാൽ എല്ലാ സഭകളുടെയും പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തുകയും അഭിപ്രായം കണക്കിലെടുക്കുകയും ചെയ്യണമെന്ന് കർദിനാൾ മാർ  ജോർജ്ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.