കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ വിമര്‍ശനവുമായി സിറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപത. വിവിധ വിഷയങ്ങളിലെ അവഗണന ചൂണ്ടിക്കാട്ടി പള്ളികളിൽ സർക്കുലർ വായിച്ചു. അടുത്ത ശനിയാഴ്ച കർഷക രക്ഷാ നസ്രാണി മുന്നേറ്റ ലോങ്ങ് മാര്‍ച്ച് നടത്തുമെന്നും സര്‍ക്കുലറിലുണ്ട്
കോട്ടയം: കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ പള്ളികളിൽ സർക്കുലറുമായി സിറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപത. ക്രിസ്തീയ സമൂഹത്തിന് അർഹമായ ന്യൂനപക്ഷ അവകാശങ്ങൾ ലംഘിക്കപ്പെടുന്നെന്നാണ് സർക്കുലറിലെ കുറ്റപ്പെടുത്തൽ. കർഷകർ നേരിടുന്ന പ്രശ്നങ്ങളും പാരിസ്ഥിതിക, വഖഫ് നിയങ്ങളും സഭയെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ആർച്ച് ബിഷപ്പ് തോമസ് തറയിൽ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഇന്ന് രാവിലെ അതിരൂപതയിലെ മുഴുവൻ പള്ളികളിലും സർക്കുലർ വായിച്ചു.
കർഷകരോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനയിലാണ് സിറോ മലബാർ സഭയുടെ അമർശം. കുട്ടനാട്ടിലെ നെൽ കൃഷിയും ഹൈറേഞ്ചിലേയും മലബാറിലെയും നാണ്യവിളയും ഇടനാട്ടിലെ റബറും ഒരേപോലെ പ്രതിസന്ധിയിലായിട്ടും സർക്കാർ സഹായങ്ങൾ കിട്ടുന്നില്ല. ഇതിനെതിരെ ഈ മാസം 15ന് ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ കർഷക രക്ഷാ നസ്രാണി മുന്നേറ്റ ലോങ് മാര്‍ച്ചും അവകാശ പ്രഖ്യാപന സമ്മേളനവും നടക്കുന്നുണ്ട്. ഈ പരിപാടിയിൽ സഭാ വിശ്വാസികൾ പങ്കെടുക്കണമെന്ന് ആർച്ച് ബിഷപ്പ് തോമസ് തറയിൽ ആഹ്വാനം ചെയ്യുന്ന സർക്കുലറിലാണ് അതിരൂക്ഷ വിമർശനങ്ങളുള്ളത്.
മുഖ്യധാര രാഷ്ടീയ പാർട്ടികൾ സഭയെ കേവലം വോട്ട് രാഷ്ട്രീയത്തിന്‍റെ കുഴൽകണ്ണാടിയിലൂടെയാണ് കാണുന്നത്. ക്രൈസ്തവരുടെ പരിപാവനമായ ദിനങ്ങളെ പ്രവർത്തി ദിവസങ്ങളാക്കുന്നു. ദളിത് ക്രൈസ്തവ സംവരണം നടത്തുന്നതിൽ ബോധപൂർവമായ അനാസ്ഥ കാണിക്കുന്നു. സർക്കാരുകളുടെ പുതിയ തീരുമാനങ്ങളെ തുടര്‍ന്ന് സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലാവുന്നുവെന്നും വിമര്‍ശനമുണ്ട്.
കേരളത്തിലെ ക്രൈസ്തവരുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥ പഠിക്കുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെയും സർക്കുലറിൽ പരാമർശമുണ്ട്. ചില സ്ഥാപിത താത്പര്യങ്ങളാണ് ഇതിനുപിന്നിലെന്നാണ് വിമർശനം. ഇക്കാര്യങ്ങളെല്ലാം മുൻനിർത്തി പരമാവധി ആളുകൾ കർഷക രക്ഷാ നസ്രാണി മുന്നേറ്റ ലോങ്ങ് മാര്‍ച്ചിൽ പങ്കെടുക്കണമെന്നാണ് സഭയുടെ ആഹ്വാനം.

