കൊച്ചി: സിറോമലബാർ സഭാ വ്യാജരേഖാ കേസില്‍ റിമാന്‍ഡിലുള്ള പ്രതി ആദിത്യന്‍റെ ജാമ്യാപേക്ഷയും പൊലീസിന്‍റെ കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി വീണ്ടും പരിഗണിക്കും. പൊലീസ് തന്നെ ക്രൂരമായി മർദിച്ചെന്ന് കഴിഞ്ഞ ദിവസം ആദിത്യന്‍ മജിസ്ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിരുന്നു. കേസിലെ നാലാം പ്രതിയായ ഫാ. ടോണി കല്ലൂക്കാരന്‍റെ മുന്‍കൂർ ജാമ്യാപേക്ഷയും ഇന്ന് ജില്ലാകോടതി പരിഗണിക്കുന്നുണ്ട്.

പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിക്കവേയാണ് കസ്റ്റഡിയില്‍ താന്‍ മൂന്നാം മുറയ്ക്ക് വിധേയനായെന്ന് ആദിത്യന്‍ മജിസ്ട്രേറ്റിനോട് വെളിപ്പെടുത്തിയത്. തുടർന്ന് ആദിത്യനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി നിർദേശിച്ചു. വൈദ്യ പരിശോധനയ്ക്ക് ശേഷം ആദിത്യന്‍റെ വിശദമായ മൊഴി മജിസ്ട്രേറ്റ് അടിച്ചിട്ട കോടതിമുറിയില്‍ രേഖപ്പെടുത്തി. 33 പേജുള്ള മൊഴിയാണ് രേഖപ്പെടുത്തിയത്.

ആദിത്യന്‍റെ ജാമ്യാപേക്ഷയും പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതേസമയം കേസിലെ നാലാം പ്രതിയായ ഫാ. ടോണി കല്ലൂക്കാരന്‍ സമർപ്പിച്ച മുന്‍കൂർജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നുണ്ട്. ആദിത്യനോട് കർദിനാളിനെതിരെ വ്യാജരേഖ നിർമിക്കാന്‍ നിർദേശിച്ചത് ഫാ.ടോണികല്ലൂക്കാരനാണെന്നാണ് പൊലീസിന്‍റെ നിഗമനം. ഇയാള്‍ ഒളിവിലാണെന്നും പൊലീസ് പറയുന്നു.