Asianet News MalayalamAsianet News Malayalam

വ്യാജരേഖാ കേസ്: പരാതി ഫാദര്‍ പോൾ തേലക്കാടിനെതിരെയല്ലെന്ന് സീറോ മലബാര്‍ സഭ

 പരാതി ഫാദർ പോൾ തേലക്കാടിനെതിരെ അല്ലെന്നും കർദിനാളിനെതിരെ വ്യാജ ബാങ്ക് രേഖ ചമച്ചവർക്കെതിരെയാണെന്നും സീറോ മലബാര്‍ സഭ

syro malabar sabha on father Paul Thelakkad s fake document case
Author
Kochi, First Published Mar 18, 2019, 11:02 PM IST

കൊച്ചി: പോൾ തേലക്കാടിനെതിരായ വ്യാജരേഖ കേസില്‍ മാധ്യമ വാർത്തകൾ തെറ്റാണെന്ന് സിറോ മലബാർ സഭ. പരാതി ഫാദർ പോൾ  തേലക്കാടിനെതിരെ അല്ലെന്നും കർദിനാളിനെതിരെ വ്യാജ ബാങ്ക് രേഖ ചമച്ചവർക്കെതിരെയാണെന്നും സീറോ മലബാര്‍ സഭ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. തേലക്കാടിനെതിരെ പരാതി നൽകി എന്നത് തെറ്റാണെന്നും മാധ്യമ കമ്മീഷൻ  വാർത്ത കുറിപ്പിൽ വ്യക്തമാക്കി. 

അതേസമയം കർദിനാൾ ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടന്ന വാഴക്കാലയിലെ ഭൂമി വിൽപ്പനയിൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നല്‍കി. വ്യാജ പട്ടയം ഉണ്ടാക്കിയാണ് ഭൂമി മറിച്ച് വിറ്റതെന്നും  അന്വേഷണം വേണമെന്നുമാണ് ആവശ്യം. 

എറണാകുളം അങ്കമാലി അതിരൂപതയുടെ കൈവശമുണ്ടായിരുന്ന വാഴക്കാല വില്ലേജിലെ 27.9 ഏക്കർ  7 പേർക്കായി മറിച്ച് വിറ്റത് വ്യാജ പട്ടയം നിർമ്മിച്ചാണെന്നാണ് ഹർജി. 2017 മാർച്ചിൽ നടന്ന് ഈ വിൽപ്പനയ്ക്കായി കർദ്ദിനാൾ ആലഞ്ചേരി, സാന്പത്തിക ചുമതല വഹിച്ചിരുന്ന ജോഷി പുതുവ ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ്  വ്യാജ രേഖയുണ്ടാക്കിയതെന്ന് ഹർജിയിൽ പറയുന്നു. 

1971ൽ എറണാകുളം അങ്കമാലി രൂപതയുടെ കർദ്ദിനാൾ ആയിരുന്ന മാർ ജോസഫ് പാറേക്കാട്ടിലിന്  ഇഷ്ടദാനം ലഭിച്ച ഭൂമി എന്നാണ് പട്ടയത്തിൽ  രേഖപ്പെടുത്തിയിട്ടുള്ളത്.എന്നാൽ എറണാകുളം അങ്കമാലി രൂപത നിലവിൽ വന്നത് 1992 ൽ മാത്രമാണെന്നും പട്ടയം ലഭിക്കുന്ന കാലയളവിൽ എറണാകുളം രൂപത എന്ന് മാത്രമാണുണ്ടായിരുന്നതെന്നും  ഹർജിയിൽ പറയുന്നു.

ഭൂമി വിൽപ്പന വിവാദത്തിൽ വിമത വൈദിക പക്ഷത്ത് നിൽകുന്ന സത്യ ദീപം എഡിറ്റർ ഫാദർ പോൾ തേലക്കാടിനെതിരെ സിറോ മലബാർ സഭ ഐടി വിഭാഗത്തിലെ  വൈദികനായ ഫാദർ ജോബി മാപ്രക്കാട്ടിൽ  പോലീസിൽ പരാതി നൽകിയിരുന്നു. കർദ്ദിനാൾ ആലഞ്ചേരി അനധികൃത പണം സന്പാദിച്ചെന്ന് വരുത്താനുള്ള വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയെന്നായിരുന്നു പരാതി. സംഭവത്തിൽ പോലീസ് കേസെടുത്തതിന് പിറകെയാണ്  കർദ്ദിനാളിനെതിരെയും കോടതിയിൽ ഹര്‍ജിയെത്തുന്നത്. പോൾ തേലക്കാടിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രതിഷേധവുമായി  രംഗത്തെത്തി.

Follow Us:
Download App:
  • android
  • ios