കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ഒരു വിഭാഗം വൈദികർ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായി നടത്തുന്ന പ്രതിഷേധസമരത്തിൽ അനുനയ നീക്കവുമായി സ്ഥിരം സിനഡ്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് സിറോ മലബാർ സഭ സ്ഥിരം സിനഡ് അംഗങ്ങൾ വൈദികരുമായി ചർച്ച നടത്തും. എന്നാൽ കർദ്ദിനാൾ പങ്കെടുത്താൽ ചർച്ചയിൽ നിന്ന് പിന്മാറുമെന്ന് വൈദികർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം സമരം അവസാനിപ്പിച്ചില്ലെങ്കിൽ വിശ്വാസികൾ ഇടപെടുമെന്നറിയിച്ച് കർദ്ദിനാൾ പക്ഷവും രംഗത്തെത്തി.

വിവാദ ഭൂമി ഇടപാടിലും വ്യാജരേഖ കേസ് അടക്കമുള്ള വിഷയങ്ങളിലും കർദ്ദിനാളിനും ഒരു വിഭാഗം വൈദികരും തമ്മിൽ നിലനിൽക്കുന്ന ഭിന്നതയാണ് സഭാ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സമരത്തിലേക്ക് നയിച്ചത്. സഭ വ്യാജ രേഖ കേസിൽ മുൻ വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ അടക്കമുള്ള വൈദികരെ പൊലീസ് ചോദ്യം ചെയ്തതിന് പിറകെയാണ് കർദ്ദിനാളിനെതിരായ പ്രതിഷേധവുമായി ഒരു വിഭാഗം വൈദികർ രംഗത്ത് വന്നത്. കർദ്ദിനാളിനെ ഭരണച്ചുമതലയിൽ നിന്ന് ഒഴിവാക്കുക എന്നതാണ് വൈദികർ ഉന്നയിക്കുന്ന പ്രധാന ആവശ്യം. വ്യാജ രേഖ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് കർദ്ദിനാൾ നൽകിയ കേസ് പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം ബിഷപ്പ് ഹൗസിൽ ഉപവാസ സമരം തുടങ്ങിയ വൈദികർ ഇന്നും സമരം തുടരുകയാണ്. കൊരട്ടി ഫൊറോനയിലെ വൈദികരും വിശ്വാസികളുമാണ് ഇന്ന് ഉപവാസത്തിന് പിന്തുണയുമായി രംഗത്തുള്ളത്. സഭയിലെ ഈ അസാധാരണ സംഭവം എത്രയും വേഗം പരിഹരിക്കണമെന്ന ചർച്ചയും ഉയർന്നിരുന്നു. ഈ നീക്കത്തിന്‍റെ ഭാഗമായാണ് സ്ഥിരം സിനഡ് അംഗവും തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആഡ്രൂസ് താഴത്ത് വൈദികരുമായി ചർച്ചയ്ക്ക് തയ്യാറായത്. വിമത വിഭാഗത്തിൽ നിന്ന് ഭാദർ കുര്യാക്കോസ് മുണ്ടാടന്‍റെ നേതൃത്വത്തിലുള്ള സംഘമാകും ചർച്ചയിൽ പങ്കെടുക്കുക. എന്നാൽ കർദ്ദിനാളിന്‍റെ സാന്നിധ്യത്തിലുള്ള ചർച്ചയ്ക്ക് താൽപ്പര്യമില്ലെന്ന് വൈദികർ അറിയിച്ചിട്ടുണ്ട്.

പ്രശ്ന പരിഹാരം എത്രയും വേണമെന്നാണ് സഭാ നേതൃത്വത്തിന്‍റെ നിലപാട്. ഇതിനിടെ വൈദികരുടെ സമരത്തെ പിന്തുണച്ചും എതിർത്തും വിശ്വാസികളും രംഗത്തുവന്നു. സഭയ്‍ക്കെതിരായ സമരം രണ്ട് ദിവസത്തിനകം അവസാനിപ്പിച്ചില്ലെങ്കിൽ ഇടപെടുമെന്നാണ് കർദ്ദിനാൾ പക്ഷത്തിന്‍റെ മുന്നറിയിപ്പ്. സ്ഥിരം സിനഡിന്‍റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സഭാ തീരുമാനങ്ങളോട് യോജിച്ചു പോകുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും കർദ്ദിനാൾ പക്ഷം പറഞ്ഞു. ബിഷപ്പ് ഹൗസിന് മുന്നിലെത്തി കർദ്ദിനാൾ പക്ഷം പ്രതിഷേധമറിയിച്ചു. കാത്തലിക് ലെയ്റ്റി മൂവ്മെന്‍റ് പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്.

വൈദികർക്കൊപ്പം ഉപവാസം തുടങ്ങുമെന്നാണ് കർദ്ദിനാളിനും സ്ഥിരം സിനഡിനുമുള്ള മറുവിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഈ മാസം 22ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അമേരിക്കയിലേക്ക് പോകുകയാണ്. അതിനുമുമ്പ് ബിഷപ്പ് ഹൗസിലെ സമരത്തിൽ താൽക്കാലിക ശമനമുണ്ടാക്കുകയാണ് സ്ഥിരം സിനഡിന്‍റെ നീക്കം.