വഖഫ് ബോര്‍ഡില്‍ കെ.ടി ജലീലിന് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നാണ് എസ്.വൈ.എസിന്‍റെ കുറ്റപ്പെടുത്തല്‍. മന്ത്രി അബ്ദുറഹ്മാനെ നോക്കുകുത്തിയാക്കി ജലീലാണ് വഖഫ് ബോര്‍ഡ് ഭരിക്കുന്നത്. 

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുന്നി യുവജന സംഘം പരസ്യ പ്രതിഷേധവുമായി രംഗത്ത്. കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ മുന്‍ മന്ത്രി കെ.ടി ജലീലിനും സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് എസ്.വൈ.എസ് നേതാക്കള്‍ നടത്തിയത്. വിഷയം മുസ്ലീം വര്‍ഗ്ഗീയവത്കരിക്കുകയാണെന്നാണ് കോഴിക്കോട് ചേര്‍ന്ന ഐഎന്‍എല്‍ യോഗത്തിന്‍റെ വിലയിരുത്തല്‍.

വഖഫ് ബോര്‍ഡില്‍ കെ.ടി ജലീലിന് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നാണ് എസ്.വൈ.എസിന്‍റെ കുറ്റപ്പെടുത്തല്‍. മന്ത്രി അബ്ദുറഹ്മാനെ നോക്കുകുത്തിയാക്കി ജലീലാണ് വഖഫ് ബോര്‍ഡ് ഭരിക്കുന്നത്. മുന്‍ ചെയര്‍മാന്‍ റഷീദ് അലി തങ്ങള്‍ പിഎസ്.സിക്ക് വിടുന്നതിന എതിര്‍ത്തെങ്കിലും അത് മറച്ചുവെച്ചാണ് കെ.ടി ജലീല്‍ നിയമസഭയില്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കിയതെന്നും എസ്.വൈഎസ് നേതാക്കള്‍ ആരോപിച്ചു. ജലീലിനു വേണ്ടി ഏതെങ്കിലും ഒരു സംഘടനയുടെ കളിപ്പാവ ആവരുത് സര്‍ക്കാര്‍ എന്നും എസ്.വൈ.എസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ നിലവിലുണ്ടെന്നും അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും കോഴിക്കോട് ചേര്‍ന്ന ഐഎന്‍എല്‍ സെക്രട്ടേറിയേറ്റ് യോഗം വിലയിരുത്തി. ഇതിനിടെയാണ് മുസ്ലീംലീഗ് വിഷയം ആളിക്കത്തിക്കുന്നത്. അതിനെതെതിരെ രംഗത്തിറങ്ങുമെന്ന് ഐഎന്‍എല്‍ നേതൃത്വം വ്യക്തമാക്കി.

വഖഫ് ബോര്‍ഡിലെ നിലവിലുള്ള വിവാദങ്ങള്‍ക്ക് പിന്നില്‍ കെ.ടി.ജലീലും മുസ്ലീംലീഗും തമ്മിലുള്ള പ്രശ്നങ്ങളാണെന്ന വിലയിരുത്തലിലാണ് സമസ്ത. ഇരു കൂട്ടരും തമ്മിലുള്ള പ്രശ്നത്തില്‍ വഖഫ് ബോര്‍ഡിനെ കരുവാക്കരുതെന്നാണ് സമസ്തയുടെ നിലപാട്. വഖഫ് വിഷയത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് സമസ്തയുടെ തീരുമാനം.